ചെന്നൈ: സര്‍വ്വകലാശാല ഉദ്യോഗസ്ഥരുമായി ലൈംഗികവേഴ്ച്ച ചെയ്യാന്‍ വിദ്യാര്‍ത്ഥിനികളോട് ആവശ്യപ്പെട്ട തമിഴ്നാട് വനിതാ പ്രൊഫസറെ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തികമായും അക്കാദമിക്കലായും സഹായം ലഭിക്കുന്നതിന് പകരം ലൈംഗീകമായി സഹകരിക്കണമെന്നാണ് വനിതാ പ്രൊഫസര്‍ ആവശ്യപ്പെട്ടത്. നാല് വിദ്യാര്‍ത്ഥിനികളുമായി പ്രൊഫസറുടേതാണെന്ന് കരുതുന്ന ഓഡിയോ ക്ലിപ്പ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ദേവാംഗ ആര്‍ട്സ് കോളേജ് പൊലീസിനോട് അന്വേഷണം ആവശ്യപ്പെട്ടു.

വിരൂദ്നഗറിലുളള കോളേജില്‍ 10 വര്‍ഷമായി കണക്ക് പഠിപ്പിക്കുന്ന അധ്യാപിക നിര്‍മ്മല ദേവിക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്. സംസ്ഥാന ഗവര്‍ണര്‍ ബനവരിലാല്‍ പുരോഗിതുമായി അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെട്ട പ്രൊഫസര്‍ ഓഡിയോയില്‍ പണവും ഗവേഷണം അടക്കമുളള അക്കാദമിക്കല്‍ സഹായങ്ങളും വിദ്യാര്‍ത്ഥിനികള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഉദ്യോഗസ്ഥരുമായി ലൈംഗികമായി സഹകരിക്കുന്നത് മറ്റാരും അറിയരുതെന്നും, രക്ഷിതാക്കളുടെ അറിവോടെ വേണമെങ്കില്‍ ചെയ്യാമെന്നും ഓഡിയോയില്‍ പറയുന്നുണ്ട്. സമ്മതമാണെങ്കില്‍ ഒരു ബാങ്ക് അക്കൗണ്ട് തുറന്ന് പണം അതിലേക്ക് ഇടാമെന്നും അധ്യാപിക വിദ്യാര്‍ത്ഥിനികളോട് വാഗ്ദാനം ചെയ്തു.

കോളേജിന് അംഗീകാരം നൽകിയിട്ടുള്ള മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് വേണ്ടിയാണ് ഇവർ വിദ്യാർത്ഥിനികളോട് സംസാരിച്ചത്. പത്തൊൻപത് മിനിട്ടോളം നീണ്ട സംഭാഷണത്തിൽ, തനിക്ക് ഗവർണറുമായി വളരെ അടുപ്പമുണ്ടെന്നും, സഹകരിക്കുകയാണെങ്കിൽ ഉന്നത ബിരുദങ്ങളും കാശും ലഭ്യമാക്കുമെന്നും നിർമ്മലാ ദേവി വിദ്യാർത്ഥികളോട് പറയുന്നുണ്ട്. ഇക്കാര്യം പുറത്തു പറഞ്ഞാൽ നിങ്ങൾക്കു തന്നെയാകും ചീത്തപ്പേരുണ്ടാവുകയെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ മാസം ഈ ഓഡിയോ ക്ലിപ് സഹിതം വിദ്യാര്‍ത്ഥിനികള്‍ കോളേജില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് അധ്യാപികയെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ നിര്‍മല ദേവി ആരോപണങ്ങള്‍ നിഷേധിച്ചു. ശബ്ദരേഖ പ്രചരിച്ചതിനെ തുടര്‍ന്ന് കോളേജ് മാനേജ്മെന്റും പ്രാദേശിക വനിതാ അസോസിയേഷനും പ്രൊഫസര്‍ക്കെതിരെ പരാതി നല്‍കി. തുര്‍ന്ന് ഐടി ആക്ട് പ്രകാരം പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. യൂണിവേഴ്സിറ്റി ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ രംഗത്തെത്തി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ