ചെന്നൈ: കോയമ്പത്തൂരിലെ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ അഞ്ച് പേരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് തലക്ക (25), ഉക്കടം സ്വദേശി മുഹമ്മദ് അസറുദ്ധീന്‍ (25), ജിഎം നഗറിലെ മുഹമ്മദ് റിയാസ് (27), ഫിറോസ് ഇസ്മായില്‍ (27), മുഹമ്മദ് നവാസ് ഇസ്മായില്‍ (27) എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്തിയാണ് അറസ്റ്റ് പൊലീസ് ചെയ്തത്.
കേസില്‍ അറസ്റ്റിലായ ചില പ്രതികള്‍ കേരളത്തില്‍ എത്തിയതായും എന്നാല്‍ എന്ത് ആവശ്യങ്ങള്‍ക്കാണ് അവര്‍ അവിടെ പോയതെന്ന കാര്യം അന്വേഷിക്കുന്നുണ്ടെന്നും കമ്മീഷണര്‍ ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികള്‍ രണ്ട് എല്‍പിജി സിലിണ്ടറുകളും മൂന്ന് ഡ്രമ്മുകളും കൈവശം വച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും എന്നാല്‍ ഫോറന്‍സിക് സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഡ്രമ്മിലണ്ടായിരുന്ന വസ്തുക്കളെ കുറിച്ച് സ്ഥിരീകരിക്കാമെന്നും പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത സാധനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കമ്മീഷണര്‍ പറഞ്ഞു. കരി, അലുമിനിയം പൗഡര്‍, സള്‍ഫര്‍ തുടങ്ങി 75 കിലോയോളം രാസവസ്തുക്കള്‍ മുബിന്റെ വസതിയില്‍ നിന്ന് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.ഈ സ്ഫോടകവസ്തുക്കള്‍ മാറ്റാന്‍ റിയാസും നവാസും ഫിറോസും മുബിനെ സഹായിച്ചു. പദ്ധതിയെക്കുറിച്ച് അവര്‍ ബോധവാന്മാരായിരുന്നു. ബാക്കിയുള്ളവര്‍ അത് ഏകോപിപ്പിച്ചു, ”അദ്ദേഹം പറഞ്ഞു.
സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജെമിഷ മുബീന്റെ വീട്ടില്‍ നിന്ന് ഒരു സംഘം ആളുകള്‍ ബാഗുമായി പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. നാടന്‍ ബോംബുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പൊട്ടാസ്യം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള തീവ്രത കുറഞ്ഞ സ്ഫോടക വസ്തു മുബീന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതായി സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറല്‍ സി ശൈലേന്ദ്ര ബാബു ഞായറാഴ്ച പറഞ്ഞിരുന്നു.
ശ്രീലങ്കയിലെ ഈസ്റ്റര്‍ ഞായറാഴ്ച നടന്ന സ്ഫോടനങ്ങളുടെ സൂത്രധാരന്‍ സഹ്റാന്‍ ഹാഷിമുമായി ബന്ധപ്പെട്ട സംഘവുമായുള്ള ബന്ധമുണ്ടെന്ന സംശയത്തില്‍ 2019 ല്‍ ദേശീയ അന്വേഷണ ഏജന്‍സി മുബീനെ ചോദ്യം ചെയ്തതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കാറിനുള്ളില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ജമീഷ മുബിന്റെ മരണത്തില്‍ ഭീകരാക്രമണത്തിന്റെ ആസൂത്രിത ശ്രമങ്ങളെ കുറിച്ച് അന്വേഷണത്തിന് തുടക്കമിട്ടിരിക്കുകയാണ്.