ന്യൂഡല്‍ഹി:ട്രേഡ് യൂണിയന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഫാക്ടറിസ് ബില്‍ 2023 പിന്‍വലിക്കുന്നതായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ പ്രവൃത്തി സമയം അനുവദിക്കുന്നതായിരുന്നു ബില്‍. ഭരണകക്ഷിയായ ഡിഎംകെയുടെ പിന്തുണയുള്ള യൂണിയനുകളും കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും ഉള്‍പ്പെടെ ഭരണകക്ഷിയുടെ രാഷ്ട്രീയ സഖ്യകക്ഷികളും ബില്ലില്‍ എതിര്‍പ്പറിയിച്ചിരുന്നു.
കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ബില്‍ നേരത്തെ സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. നിയമനിര്‍മ്മാണം തൊഴിലാളി വിരുദ്ധമാണെന്നും ബിജെപി മുന്നോട്ട് വയ്ക്കുന്ന നയ പരിഷ്‌കാരങ്ങളുടെ പ്രതിഫലനമാണെന്നുമുള്ള ആരോപണം ഉയര്‍ന്നിരുന്നു. യൂണിയനുകളുടെ ആശങ്കകള്‍ തന്റെ ഭരണകൂടം കണക്കിലെടുക്കുമെന്ന് സ്റ്റാലിന്‍ ഉറപ്പുനല്‍കിയതിന് ശേഷമാണ് പുതിയ തീരുമാനം.
ഫാക്ടറി തൊഴിലാളികള്‍ ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യാന്‍ തിരഞ്ഞെടുക്കുന്ന സാഹചര്യത്തില്‍, അവരുടെ ദൈനംദിന ജോലി സമയം നിലവിലുള്ള എട്ട് മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായി നീട്ടുന്നതിനുള്ള വ്യവസ്ഥകള്‍ ബില്ലില്‍ ഉള്‍പ്പെടുന്നു. വ്യവസായങ്ങള്‍ക്ക് സംസ്ഥാനം സൗകര്യം നല്‍കുന്നില്ലെങ്കില്‍, സമാനമായ നിയമനിര്‍മ്മാണം നടത്തിയിട്ടുള്ള കര്‍ണാടക പോലുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറാന്‍ അവര്‍ തിരഞ്ഞെടുക്കാമെന്ന് ബില്ലിനെ പ്രതിരോധിച്ച് തമിഴ്നാട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുമ്പ് രംഗത്ത് വന്നിരുന്നു.
മൂന്നാം വർഷത്തിലേക്കു കടക്കുന്ന സ്റ്റാലിൻ മന്ത്രിസഭയുടെ പ്രതിഛായ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രകടനം മോശമായ മന്ത്രിമാരെ ഒഴിവാക്കി പുനഃസംഘടനയ്ക്ക് ഡിഎംകെ സർക്കാർ നീക്കം തുടങ്ങി. ചീഫ് സെക്രട്ടറി വി.ഇരൈയൻപും ഡിജിപി സി.ശൈലേന്ദ്രബാബുവും ഉടൻ വിരമിക്കുന്നതിനാൽ സെക്രട്ടറി, ഉദ്യോഗസ്ഥ തലങ്ങളിലും മാറ്റങ്ങളുണ്ടാകും. നാളെ നടക്കുന്ന മന്ത്രിസഭാ യോഗം നിർണായകമാണ്.