തിരുച്ചിറപ്പിളളി: ഒരു കുഞ്ഞുജീവനുവേണ്ടി പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കുകയായിരുന്നു കഴിഞ്ഞ നാലുദിവസമായി രാജ്യത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകൾ. എന്നാൽ എല്ലാവരുടെയും കണ്ണ് നനയിക്കുന്ന വാർത്തയായിരുന്നു ഇന്ന് രാവിലെ തിരുച്ചിറപ്പിളളിയിൽനിന്ന് പുറത്തുവന്നത്.

കുഴൽക്കിണറിൽ വീണ രണ്ടു വയസുകാരൻ സുജിത് വിൽസനെ ജീവനോടെ പുറത്തെടുക്കാൻ നാലുദിവസം നീണ്ട പരിശ്രമങ്ങൾക്കൊടുവിലും കഴിഞ്ഞിരുന്നില്ല. ഒടുവിൽ ഇന്നു പുലർച്ചയോടെയാണു കുട്ടിയുടെ പുറത്തെടുത്തത്. ഇന്നലെ രാവിലെയോടെയാണു കുട്ടി മരിച്ചതായി സ്ഥിരീകരിച്ചത്. കുട്ടി മരിച്ചതു രക്ഷാസംഘത്തിന്റെ അനാസ്ഥ മൂലമാണെന്ന വിമർശനം സോഷ്യൽ മീഡിയയിൽ  ഉയരുന്നുണ്ട്. എന്നാൽ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ അഗ്നിരക്ഷാസേന ഓഫീസർ പ്രിയ രവിചന്ദ്രനു പറയാനുളളത് അതിനുപിന്നിൽ പ്രവർത്തിച്ചവരുടെ കഠിന പരിശ്രമത്തെക്കുറിച്ചാണ്. ഒരു നിമിഷം പോലും വിശ്രമിക്കാൻ സമയമെടുത്തില്ലെന്നും കുട്ടിയെ രക്ഷിക്കുന്നതിലായിരുന്നു തങ്ങളുടെ പൂർണ ശ്രദ്ധയെന്നും പ്രിയ പറഞ്ഞു.

”ഒരു ജീവൻ നഷ്ടപ്പെട്ടുവെന്ന് ഞാൻ മനസിലാക്കുന്നു, പക്ഷേ കുട്ടിയെ രക്ഷിക്കാൻ നടത്തിയ ശ്രമം വളരെ വലുതാണ്,” ജസ്റ്റ് ഫോർ വുമൺ ഓൺലൈനിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ പ്രിയ പറഞ്ഞു. ”വൈകീട്ട് അഞ്ചു മണിയോടെയാണ് കുട്ടി കുഴൽക്കിണറിൽ വീണതായി കോൾ വരുന്നത്. ഉടൻതന്നെ സംഭവസ്ഥലത്തെത്തി. അപ്പോൾ കുട്ടി 24 അടി താഴ്ചയിലായിരുന്നു. ഇവിടെ മാത്രമല്ല, ലോകമെമ്പാടും കുഴൽക്കിണർ രക്ഷാപ്രവർത്തനത്തിനുളള വേണ്ടത്ര സാങ്കേതികവിദ്യയില്ല. അതിനാൽ മറ്റു പല മാർഗങ്ങളും ചിന്തിച്ചു,” പ്രിയ പറഞ്ഞു.

”24 അടി താഴ്ചയിൽ കുട്ടിയെ കാണാൻ കഴിഞ്ഞിരുന്നു. കൈകൾ മുകളിലേക്കു മടക്കിയ നിലയിലായിരുന്നു. കൈകളിൽ കെട്ടിട്ട് കുട്ടിയെ മുകളിലേക്ക് ഉയർത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കുട്ടിയെ രക്ഷിക്കാൻ സഹായിക്കാനുതകുമെന്നു കരുതി നിരവധി വോളന്റിയർമാർ തങ്ങളുടെ കയ്യിലുളള ഉപകരണങ്ങളുമായി സ്ഥലത്തെത്തി. ആ സമയം ഞങ്ങളുടെ കയ്യിലുളള ഉപകരണങ്ങൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. ഏഴു വർഷത്തോളം പഴക്കമുളള കുഴൽക്കിണറിന്റെ താഴേക്കു നനഞ്ഞ പ്രതലമായിരുന്നു.ഇതിനാൽ കുട്ടി താഴേക്കു വീഴാനുളള സാധ്യതകൾ കൂടുതലായതു ഞങ്ങൾക്ക് വെല്ലുവിളിയായി.”

Read More: പരിശ്രമങ്ങൾ വിഫലം; തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ കുട്ടി മരിച്ചു

”പിന്നീട് ഞങ്ങൾ ഒരു കുഴി കുഴിക്കാൻ തുടങ്ങി. പാറകൾ നിറഞ്ഞ പ്രതലമായതിനാൽ അതിനു കഴിഞ്ഞില്ല. ഇതെല്ലാം ടീമിൽ കടുത്ത സമ്മർദമുണ്ടാക്കാൻ തുടങ്ങി. എങ്ങനെയെങ്കിലും കുട്ടിയെ രക്ഷിക്കുകയെന്ന ഒറ്റച്ചിന്ത മാത്രമേ അവിടെയുളളവർക്ക് ഉണ്ടായിരുന്നുളളൂ. പിന്നെ ഞങ്ങൾ മറ്റൊരു ആശയത്തിലെത്തി. കുഴൽക്കിണറിന് സമീപത്തായി മറ്റൊരു കിണർ കുഴിക്കുക. നിറയെ പാറകളായിരുന്നു അവിടെ. ഡ്രില്ലിങ് മെഷീനുകൾ ഉപയോഗിച്ച് പാറകൾ പൊട്ടിക്കാൻ ഏറെ നേരം വേണ്ടിവന്നു. മൂന്നു അടി ആഴത്തിൽ കുഴിക്കാൻ മണിക്കൂറുകൾ വേണ്ടിവന്നു.”

”150 ഓളം രക്ഷാപ്രവർത്തകരാണ് ദൗത്യത്തിൽ പങ്കെടുത്തത്. അവരെല്ലാം പകലും രാത്രിയും കുട്ടിയെ രക്ഷിക്കാനായാണ് ചെലവിട്ടത്. മീഡിയയുമായി ഞങ്ങൾ സംസാരിച്ചില്ല. ഒരു നിമിഷം പോലും വിശ്രമിക്കാൻ സമയമെടുത്തില്ല. കുട്ടിയെ രക്ഷിക്കുന്നതിലായിരുന്നു ഞങ്ങളുടെ ശ്രദ്ധ. ഞങ്ങൾക്കു ചുറ്റും കേൾക്കുന്ന മറ്റൊന്നും ശ്രദ്ധിച്ചില്ല. അവിടെ നടന്നതെന്താണെന്ന് ഞങ്ങൾക്ക് മാത്രമേ അറിയൂ. ഞങ്ങളെല്ലാവരും ഒറ്റക്കെട്ടായി രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.”

”90 അടി ആഴത്തിൽ കിണർ കുഴിച്ചശേഷം പരിശീലനം ലഭിച്ച ഒരാളെ ഇറക്കാനായിരുന്നു ശ്രമം. 90 അടി താഴ്ചയിൽ ഓക്സിജൻ ഉണ്ടാവില്ല. ഇതിനായി പരീശീലനം ലഭിച്ച ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളെ തയ്യാറാക്കി നിർത്തി. സ്വന്തം ജീവൻപോലും മറന്ന് അതിന് തയ്യാറായി ആ ധീരപോരാളികൾ. കുട്ടിക്ക് ഓക്സിജൻ നൽകി കൊണ്ടിരുന്നു. ക്യാമറയിൽ കുട്ടിയുടെ ചലനങ്ങൾ നിരീക്ഷിച്ചു. ഞങ്ങളെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്തു” പ്രിയ പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ട് 5.40നാണ് സുജിത് വീടിനു സമീപത്തെ ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറിൽ വീണത്. മുറ്റത്തു കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിനെ കാണാതെ അമ്മ അന്വേഷിച്ചപ്പോഴാണു ‌കുഴൽക്കിണറിനകത്തുനിന്നു കരച്ചിൽ കേട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook