ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ ജയി പളനിസാമിക്ക് ജയം. 122 എംഎൽഎമാർ വിശ്വാസപ്രമേയത്തെ അനുകൂലിച്ചു. 11 പേർ എതിർത്തു. പനീർസൽവം വിഭാഗമാണ് എതിർത്ത് വോട്ട് ചെയ്തത്. ജയലളിതയുടെ സമാധിയിലെത്തിയ പളനിസാമി ശശികലയുട ശപഥം യാഥാര്‍ത്ഥ്യമായെന്ന് പറഞ്ഞു. തന്റെ വിജയത്തില്‍ തമിഴ്ജനത സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണിക്കൂറുകൾ നീണ്ടുനിന്ന കയ്യാങ്കളികൾക്കൊടുവിലാണ് വോട്ടെടുപ്പ് നടന്നത്. പ്രതിപക്ഷ എംഎൽഎമാരുടെ പ്രതിഷേധത്തെത്തുടർന്ന് സഭ രണ്ടു തവണ നിർത്തിവയ്ക്കേണ്ടി വന്നു. മാത്രമല്ല സ്പീക്കർക്കുനേരെയും കയ്യേറ്റ ശ്രമമുണ്ടായി.

Read More: അവസരവാദം, അധികാരം, ആരോപണം, നാടകീയത, തമിഴ് രാഷ്ട്രീയം കടന്നുപോയ 73 ദിവസങ്ങൾ

രാവിലെ 11 മണിക്ക് സഭ തുടങ്ങിയപ്പോൾ തന്നെ വോട്ടെടുപ്പ് രഹസ്യ ബാലറ്റിലൂടെ വേണമെന്ന് ഒ.പനീർസെൽവവും എം.കെ.സ്റ്റാലിനും ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം സ്‌പീക്കർ തളളിയതോടെയാണ് നിയമസഭയിൽ പ്രതിഷേധം തുടങ്ങിയത്. ഡിഎംകെ അംഗങ്ങൾ സ്‌പീക്കറെ ഘരാവോ ചെയ്‌തു. സ്പീക്കറുടെ മൈക്ക് തകർക്കുകയും സ്‌പീക്കർക്കു നേരെ കടലാസ് കീറിയെറിയുകയും ചെയ്‌തു. കസേരയിൽ കയറിനിന്ന് എംഎൽഎമാർ പ്രതിഷേധിച്ചു. ഇതേത്തുടർന്ന് സഭ ഒരു മണിവരെ നിർത്തിവയ്ക്കുന്നതായി അറിയിച്ചശേഷം സ്‌പീക്കർ സഭ വിട്ട് പുറത്തുപോയി.

ഒരു മണിക്ക് സഭാ നടപടികൾ പുനരാരംഭിച്ചപ്പോൾ പ്രതിപക്ഷം വീണ്ടും പ്രതിഷേധം തുടങ്ങി. പ്രതിഷേധം നടത്തിയ ഡിഎംകെ അംഗങ്ങളെ സ്പീക്കറുടെ നിർദേശത്തെത്തുടർന്ന് ബലം പ്രയോഗിച്ച് പുറത്താക്കാൻ ശ്രമിച്ചു. ഇതു കൂടുതൽ സംഘർഷത്തിനിടയാക്കി. ഡിഎംകെ നേതാക്കളും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഡിഎംകെ അംഗങ്ങൾ സഭയ്ക്കുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതേതുടർന്നാണ് സഭ വീണ്ടും മൂന്നു മണിവരെ നിർത്തിവച്ചു. ഇതിനു പിന്നാലെ സ്റ്റാലിൻ അടക്കമുള്ള ഡിഎംകെ അംഗങ്ങളെ പുറത്താക്കി. സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ മർദിച്ചതായും ഷർട്ട് വലിച്ചു കീറിയതായും പുറത്തെത്തിയ സ്റ്റാലിൻ മാധ്യമങ്ങളോട് പറഞ്ഞു.

LIVE UPDATES

4.10 pm: സ്റ്റാലിൻ ഗവർണർ സി.വിദ്യാസാഗർ റാവുമായി കൂടിക്കാഴ്ച നടത്തി

3.47 pm: സ്പീക്കറുടെ നാടകമാണ് സഭയിൽ കണ്ടതെന്ന് ഒ.പനീർസെൽവം

3.25 pm: പളനിസാമിക്ക് വിശ്വാസവോട്ടെടുപ്പിൽ ജയം

3.15 pm: വോട്ടെടുപ്പ് തുടങ്ങി. സഭയ്ക്കകത്ത് ശശികല പക്ഷത്തെ അണ്ണാ ഡിഎംകെ എംഎൽഎമാർ മാത്രം

2.59 pm: സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചെന്ന് സ്റ്റാലിൻ

02.55 pm: സ്റ്റാലിൻ അടക്കമുളള ഡിഎംകെ അംഗങ്ങളെ സഭയിൽ നിന്ന് പുറത്താക്കി

1.45 pm: തമിഴ്നാട് ഗവർണർ മുംബയിലേക്കുള്ള യാത്ര റദ്ദാക്കി. ഗവർണർ ചെന്നൈയിൽ തുടരും

01. 33 pm: സഭയിൽ ഡിഎംകെ അംഗങ്ങളുടെ പ്രതിഷേധം തുടരുന്നു.

01. 30 pm: പ്രതിപക്ഷ ബഹളം തുടർന്നതിനെത്തുടർന്ന് സഭാ നടപടികൾ മൂന്ന് മണി വരെ നിർത്തിവച്ചു.

01.28 pm: പളനിസാമി വിശ്വാസപ്രമേയം അവതരിപ്പിച്ചു.

01.25 pm: ഡിഎംകെ അംഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഉന്തും തളളും.

01.20 pm: സ്‌പീക്കർ ഡിവിഷൻ വോട്ടിങ്ങിന് നിർദേശം നൽകി. വിശ്വാസവോട്ടെടുപ്പ് വീണ്ടും ആരംഭിച്ചു.

ഡിഎംകെ അംഗങ്ങളെ ബലംപ്രയോഗിച്ച് പുറത്താക്കി

01.15 pm: സഭയിലെ രംഗങ്ങൾ പുറത്തുവന്നു.

01.05 pm: സംഘർഷത്തെ തുടർന്ന് നിർത്തിവച്ച സഭാ നടപടികൾ പുനരാരംഭിച്ചു.

12:50 pm: തമിഴ്‌നാട് നിയമസഭയിൽ ഉണ്ടായ സംഭവങ്ങൾ നിർഭാഗ്യകരമാണെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ. സ്‌പീക്കർ എന്ചു തീരുമാനമെടുത്താലും എല്ലാവരും സ്വീകരിക്കണമെന്നും കപിൽ സിബൽ.

12:48 pm: ഡിഎംകെ അംഗം ദുരൈ മുരുകന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.

12:35 pm: മുഖ്യമന്ത്രി പളനിസാമിയും മറ്റ് മന്ത്രിമാരും യോഗം ചേർന്നു

12.30 pm: ഡിഎംകെ അക്രമാസക്തമാവുകയാണെന്നും ദേശ വിരുദ്ധ പാർട്ടിയാണതെന്നും ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമി പറഞ്ഞു. ശശികള എന്തായാലും ഡിഎംകെയെക്കാളും ഭേദമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ