ചെന്നൈ: രാജ്യത്ത് തൊഴിൽ രഹിതരുടെ എണ്ണം വർധിക്കുന്നതായി ചൂണ്ടിക്കാട്ടുന്നതാണ് തമിഴ്നാട്ടിൽനിന്നുള്ളൊരു വാർത്ത. തമിഴ്നാട് നിയമസഭയിൽ തൂപ്പു ജോലിക്കും ക്ലീനിങ് ജോലികൾക്കും അപേക്ഷിച്ചത് എം ടെക്, ബി ടെക്, എംബിഎ, ബിരുദാനന്തര ബിരുദം നേടിയവരടക്കമുളളവർ.
തൂപ്പു ജോലിക്കായി 10 ഒഴിവുകളും ശുചീകരണ ജോലിക്കായി 4 ഒഴിവുകളുമാണുള്ളത്. കഴിഞ്ഞ സെപ്റ്റംബർ 26 നാണ് നിയമസഭ ജോലിക്കായി അപേക്ഷ ക്ഷണിച്ചത്. ശാരീരിക കഴിവുള്ളവരായിരിക്കണം എന്നത് മാത്രമായിരുന്നു അപേക്ഷിക്കാനുളള യോഗ്യത. കുറഞ്ഞ പ്രായപരിധി 18 വയസ്സായിരുന്നു.
എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിൽ നിന്നടക്കം ആകെ 4,607 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 677 അപേക്ഷകൾ നിബന്ധന പാലിക്കാത്തതിനാൽ നിരസിക്കപ്പെട്ടു. 3930 ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിനുള്ള കാർഡ് അയച്ചിട്ടുണ്ട്. രണ്ടു തസ്തികയിലേക്കും 15,700 മുതൽ 50,000 രൂപ വരെയാണ് ശമ്പളം.