ചെന്നൈ: രാജ്യത്തെ മുസ്‌ലിം തീര്‍ത്ഥാടകര്‍ക്ക് കേന്ദ്രം ഹജ് സബ്സിഡി നിര്‍ത്തലാക്കി ആറ് മാസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്തെ മുസ്‌ലിം തീര്‍ത്ഥാടകര്‍ക്ക് ഹജ് സബ്‌സിഡി പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. പ്രതിവര്‍ഷം 6 കോടി രൂപയുടെ ഹജ് സബ്‌സിഡിയാണ് തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ചൊവ്വാഴ്‌ച നിയമസഭയിലാണ് എടപ്പാടി കെ.പളനിസ്വാമി സര്‍ക്കാര്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ചൈനയിലെ മാനസരോവറിലും നേപ്പാളിലെ മുക്തിനാഥിലും സന്ദര്‍ശനം നടത്തുന്ന ഹിന്ദു തീര്‍ത്ഥാടകര്‍ക്കും സബ്സിഡി നല്‍കി വരുന്നതായി പളനിസ്വാമി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്‌ദാന പ്രകാരം തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയാണ് ഹിന്ദുക്കള്‍ക്കും ജെറുസലേം സന്ദര്‍ശിക്കുന്ന ക്രിസ്‌ത്യാനികള്‍ക്കും സബ്‌സിഡി പ്രഖ്യാപിച്ചിരുന്നത്.

‘ന്യൂനപക്ഷങ്ങളുടെ ക്ഷേമം കണക്കിലെടുക്കുന്ന അമ്മയുടെ (ജയലളിത) കാലടികളാണ് സംസ്ഥാന സര്‍ക്കാരും പിന്തുടരുന്നത്. ഹജ് സബ്സിഡിക്കായി 6 കോടി രൂപ മാറ്റിവയ്‌ക്കും. ഈ പദ്ധതി പ്രകാരം 3728 തീര്‍ത്ഥാടകര്‍ ഹജ് കര്‍മ്മം നിര്‍വ്വഹിക്കും എന്നതില്‍ ഞാന്‍ സന്തോഷവാനാണ്’, പളനിസ്വാമി പറഞ്ഞു.

ഹജ് സബ്‌സിഡി ഇല്ലാതാക്കിയ കേന്ദ്ര തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരിയില്‍ പളനിസ്വാമി മോദിക്ക് കത്തയച്ചിരുന്നു. 700 കോടിയോളം രൂപയാണ് സബ്‌സിഡിയായി കേന്ദ്രം നല്‍കി വന്നിരുന്നത്. ഇതാണ് നിര്‍ത്തലാക്കിയത്. പ്രീണനമില്ലാതെ ന്യൂനപക്ഷങ്ങളെ ശക്തിപ്പെടുത്തുക എന്ന നയത്തിന്റെ ഭാഗമായാണ് സബ്‌സിഡി നിര്‍ത്തലാക്കുന്നതെന്ന്‌ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു.

2022 ഓടെ ഹജ് സബ്‌സിഡി അവസാനിപ്പിക്കണമെന്ന് 2012 ല്‍ സുപ്രീം കോടതി ഉത്തവിട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. 2017 ലെ ഹജ് നയത്തില്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു. വിമാനയാത്രയ്‌ക്കും മറ്റുമുള്ള ചിലവുകള്‍ക്കാണ് പ്രധാനമായും സബ്‌സിഡി നല്‍കിവന്നിരുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ