തിരുപ്പൂർ: തമിഴ്നാട്ടിലെ ഉദുമൽപ്പേട്ടയിൽ ഉയർന്ന ജാതിയിലുള്ള പെൺകുട്ടി വിവാഹം ചെയ്തതിന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ പിതാവുൾപ്പടെ ആറ് പേർക്ക് വധശിക്ഷ. തിരുപ്പൂർ പ്രത്യേക സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. വിധികേട്ടതിന് ശേഷം കോടതിക്ക് പുറത്തേക്ക് എത്തിയ പ്രതികളെ ആൾക്കൂട്ടം വളഞ്ഞ്‌വച്ച് മർദ്ദിക്കുകയായിരുന്നു. കൊല്ലപ്പെട്ട ശങ്കറിന്‍റെ ബന്ധുക്കളും സുഹൃത്തുക്കൾക്കുമാണ് പ്രതികൾക്ക് നേരെ കൈയേറ്റത്തിന് ശ്രമിച്ചത്. ഇടപെട്ട് പ്രതികളെ പ്രത്യേക വാഹനത്തിൽ കോടതി പരിസരത്തു നിന്നും മാറ്റി.

കേസിൽ തിരുപ്പൂർ സെഷൻസ് കോടതി ആറ് പ്രതികൾക്ക് വധശിക്ഷ വിധിച്ചിരുന്നു. ശങ്കറിന്‍റെ ഭാര്യാപിതാവ് ചിന്നസ്വാമി ഉൾപ്പടെയുള്ളവർക്കാണ് വധശിക്ഷ. ശേഷിക്കുന്ന അഞ്ച് പേർ വാടകകൊലയാളികളാണ്. പ്രതി പട്ടികയിലുണ്ടായിരുന്ന ചിന്നസ്വാമിയുടെ ഭാര്യ ഉൾപ്പടെ മൂന്ന് പേരെ കോടതി വെറുതെവിട്ടു. കേസിൽ ഒരാൾക്ക് ഇരട്ടജീവപര്യന്തവും മറ്റൊരാൾക്ക് അഞ്ചു വർഷം തടവും കോടതി വിധിച്ചിട്ടുണ്ട്.

തേവർ സമുദായത്തിൽപ്പെട്ട കൗസല്യ എന്ന യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ച ദലിത് യുവാവായ ദിണ്ഡിഗൽ സ്വദേശി ശങ്കറിനെ മാർച്ച് 13 നാണു ഉടുമൽപേട്ട നഗരമധ്യത്തിൽവച്ചു ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൗസല്യയുടെ പിതാവ് ചിന്നസ്വാമി, മാതാവ് അന്നലക്ഷ്മി, അമ്മാവൻ പാണ്ടിദുരൈ എന്നിവരുടെ നിർദേശപ്രകാരമായിരുന്നു കൊലപാതകമെന്നാണു കേസ്.

ഗുണ്ടാനേതാവ് ജഗദീഷിന്റെ നേത്രത്വത്തിലാണ് ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ശങ്കറിനെ കൊല്ലുന്നതിനായി അമ്പതിനായിരം രൂപയാണ് പെൺകുട്ടിയുടെ പിതാവ് ജഗദീഷിന് നൽകിയത്. കൊലപാതകത്തിന് ശേഷം പൊലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ ജഗദീഷിൽ നിന്ന് 40000 രൂപ പൊലീസ് കണ്ടെത്തിയിരുന്നു.

പ്രതികൾക്കെതിരെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 302,144 വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിരുന്നു. കൊലപാതകം, ആയുധം കൈവശം വയ്ക്കൽ, കലാപം സൃഷ്ടിക്കൽ എന്നീ കുറ്റങ്ങളാണ് ഈ വകുപ്പുകൾക്ക് കീഴിൽ വരുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ