ചെന്നൈ: തമിഴ് നടി യാഷികയെ മരിച്ച നിലയില്‍ കണ്ടെത്തി. പേരാവല്ലൂരിലെ ജികെഎം കോളനിയിലെ സ്വന്തം വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ടിവി സീരിയലുകളിലൂടെ ശ്രദ്ധേയയായ യഷിക ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. പേരാവല്ലൂരില്‍ കാമുകന്‍ മോഹന്‍ ബാബുവുമൊത്തായിരുന്നു യാഷിക താമസിച്ചിരുന്നത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരിക്കുന്നതിന് മുമ്പ് താരം അമ്മയ്ക്ക് വാട്‌സ് ആപ്പ് സന്ദേശം അയച്ചിരുന്നു. മോഹന്‍ തന്നെ വിവാഹം കഴിക്കാന്‍ സമ്മതിക്കുന്നില്ലെന്നും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുണ്ടെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. തന്റെ മരണത്തിന് ഉത്തരവാദിയായ മോഹന് ശിക്ഷ വാങ്ങി കൊടുക്കണമെന്നും യാഷികയുടെ സന്ദേശത്തില്‍ പറയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാല് മാസം മുമ്പാണ് യാഷികയും മോഹനും ഒരുമിച്ച് താമസം ആരംഭിക്കുന്നത്. ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടാവുകയും ഇതേ തുടര്‍ന്ന് മോഹന്‍ വീട്ടില്‍ നിന്നും ഇറങ്ങി പോവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യാഷികയുടെ മരണം സംഭവിക്കുന്നത്.

”കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മോഹന്‍ബാബുവിനായി അന്വേഷണം നടത്തുകയാണ്. അയാളെ കണ്ടെത്തിയതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളൂ. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്” പൊലീസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook