ചെന്നൈ: മെര്‍സല്‍ വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ ബിജെപി നേതാവ് എച്ച്.രാജയെ പരസ്യമായി വിമര്‍ശിച്ച നടന്‍ വിശാലിനെതിരെ സര്‍ക്കാരിന്റെ പ്രതികാര നടപടി. വിശാലിന്റെ വീട്ടില്‍ ജിഎസ്ടി ഇന്റലിജന്‍സ് സംഘം റെയ്ഡ് നടത്തിയെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. അതേസമയം ഇന്റലിജന്‍സ് വിഭാഗം ഇത് നിഷേധിച്ചിട്ടുണ്ട്. തങ്ങള്‍ അത്തരത്തിലുളള പരിശോധനകള്‍ നടത്തിയിട്ടില്ലെന്ന് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം പത്രക്കുറിപ്പില്‍ അറിയിച്ചു.

ടെലിവിഷന്‍ പരിപാടിയില്‍ മെര്‍സല്‍ വ്യാജ പതിപ്പു കണ്ടെന്നു പറഞ്ഞ ബിജെപി നേതാവിന് നാണമില്ലേ എന്നു ചോദിച്ച് കഴിഞ്ഞ ദിവസമാണ് വിശാല്‍ പ്രസ്താവന ഇറക്കിയത്.

സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രംഗങ്ങളുടെ പേരില്‍ ബിജെപിയുടെ കടുത്ത എതിര്‍പ്പിന് പാത്രമായ തമിഴ് ചിത്രം ‘മെര്‍സല്‍’ കണ്ടോ എന്ന് ടെലിവിഷന്‍ പരിപാടിയില്‍ അതിഥിയായെത്തിയ ബിജെപി നേതാവിനോട് അവതാരകന്‍ ചോദിക്കുകയും ‘നെറ്റില്‍ ഞാന്‍ കണ്ടിരുന്നു’ എന്ന് രാജ മറുപടി പറയുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് തമിഴ്നാട് പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റും നടനുമായ വിശാല്‍ ഉള്‍പ്പെടെയുള്ളവർ നേതാവിനെതിരെ രംഗത്തെത്തിയിരുന്നു.

Read More: നിങ്ങള്‍ക്കു നാണമില്ലേ?: മെര്‍സലിന്റെ ‘വ്യാജ പതിപ്പു കണ്ട’ ബിജെപി നേതാവിനോട് വിശാല്‍

‘ഒരു ദേശീയ പാര്‍ട്ടിയുടെ ദേശീയ നേതാവ് പരസ്യമായി സമ്മതിക്കുന്നു, താന്‍ പുതിയതായി റിലീസ് ചെയ്ത ചിത്രത്തിന്റെ വ്യാജ പതിപ്പ് നിയമ വിരുദ്ധമായി ഏതോ വെബ് സൈറ്റില്‍ കണ്ടുവെന്ന്. ഇതു വിഷമകരമാണ്. ഇനി ഗവണ്‍മെന്റ് പൈറസിയെ നിയമപരമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ? സിനിമാ മേഖലയില്‍ ഉള്ളവരേയും അതിനെ ആശ്രയിച്ചു ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളേയും മരണത്തിലേക്ക് തള്ളിവിടാനാണോ സര്‍ക്കാര്‍ ഒരുങ്ങുന്നത്?’ വിശാല്‍ തന്റെ പ്രസ്താവനയില്‍ ചോദിച്ചു.

ചെയ്ത തെറ്റിന് നിരുപാധികമായി രാജ മാപ്പു പറയണമെന്നും പ്രസ്താവനയില്‍ വിശാല്‍ ആവശ്യപ്പെട്ടു. നടന്‍ പാർഥിപൻ ഉള്‍പ്പെടെയുള്ളവര്‍ രാജയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ