ചെന്നൈ: തമിഴ് നടൻ വിജയ്‌യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നു. പുതിയ ചിത്രമായ മാസ്റ്ററിന്റെ നെയ്‌വേലിയിലെ ഷൂട്ടിങ് സെറ്റിൽനിന്നാണ് വിജയ്‌യെ ചോദ്യം ചെയ്യാനായി കൊണ്ടുപോയത്. ചെന്നൈയിലെ വസതിയിലെത്തിച്ചാണ് ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യൽ തുടരുന്നത്.

അതേസമയം, വിജയ്‌യെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തെന്ന വാർത്ത ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നിഷേധിച്ചു. ചില പണമിടപാടുകളെക്കുറിച്ച് വിവരം തേടുന്നതിനായി നെയ്‌വേലിയിൽനിന്നും റോഡ്മാർഗം വിജയ്‌യെ അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുപോയതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വിജയ്‌യെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തെന്നായിരുന്നു ആദ്യ റിപ്പോട്ടുകൾ.

നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയിൽ വിജയ്‌യുടെ അടുത്തിടെ പുറത്തിറങ്ങിയ ‘ബിഗിൽ’ സിനിമയുടെ നിർമാതാക്കാളായ എജിഎസ് എന്റർടെയ്ൻമെന്റ് സ്ഥാപകൻ കൽപതി എസ്.അഹോരത്തിന്റ വസതിയിലടക്കം 20 ഇടങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടന്നിരുന്നു.

ബിഗിലിനു മുൻപ് റിലീസ് ചെയ്ത വിജയ്‌യുടെ മെർസൽ, സർക്കാർ എന്നീ രണ്ടും സിനിമകളും ഏറെ വിവാദമായിരുന്നു. മെർസൽ സിനിമയിൽ ജിഎസ്ടി, ഡിജിറ്റൽ ഇന്ത്യ, നോട്ട് നിരോധനം തുടങ്ങിയ കേന്ദ്ര നയങ്ങളെ വിമർശിച്ചതിന് പിന്നാലെ ബിജെപി പ്രവർത്തകർ സിനിമയ്ക്കെതിരെ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും മോശമായി ചിത്രീകരിച്ച രംഗങ്ങൾ നീക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം.

Read Also: ‘വിജയ് ‘ജോസഫിന്റെ’ നികുതി വെട്ടിപ്പ് എന്ന് പുറത്തുവരും’; നടനെ വളഞ്ഞ് ആക്രമിച്ച് ബിജെപി

‘സര്‍ക്കാർ’ സിനിമയിൽ എഐഎഡിഎംകെയെ നേരിട്ട് ആക്രമിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. സിനിമയിലെ ‘ഒരുവിരൽ പുരട്‌ചി’ എന്നു തുടങ്ങുന്ന ഗാനത്തിൽ സംസ്ഥാന സർക്കാർ സൗജന്യമായി നൽകിയ ഇലക്ട്രോണിക് സാധനങ്ങൾ കത്തിക്കുന്ന ഒരു രംഗമുണ്ട്. ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജനങ്ങൾക്ക് സൗജന്യമായി ടിവി, ഫാൻ, മിക്സി എന്നിവയടക്കം നൽകിയിരുന്നു. സിനിമയിലെ ഗാനരംഗത്തിന് ഇതുമായി സാമ്യമുണ്ടെന്നതാണ് വിവാദത്തിനിടയാക്കിയത്.

Read Also: ബിജെപിക്ക് നന്ദി പറഞ്ഞ് ‘സി. ജോസഫ് വിജയ്’

മാത്രമല്ല ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍ അവതരിപ്പിച്ച കോമളവല്ലി എന്ന കഥാപാത്രത്തിന്റെ പേര് മാറ്റണമെന്നും ആവശ്യമുയർന്നു. കോമളവല്ലി എന്നത് അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ യഥാര്‍ത്ഥ പേരായിരുന്നു. ചിത്രത്തിനെതിരെ എഐഎഡിഎംകെ പ്രവര്‍ത്തകരുടെ പ്രതിഷേധം കനത്തതോടെ വിവാദ രംഗങ്ങൾ നീക്കി ചിത്രം റിലീസ് ചെയ്യുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook