ന്യൂഡൽഹി: ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തിൽ ചർച്ചകൾ ഗതിവേഗം കൈവരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ചർച്ചകളെല്ലാം തന്നെ ആരോഗ്യകരമായ ജനാധിപത്യ വ്യവസ്ഥയെയാണ് കാണിക്കുന്നതെന്നും മോദി വ്യക്തമാക്കി. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് ഈ വർഷം പ്രായോഗികമല്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് മോദിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
‘സംസ്ഥാനങ്ങളിലും കേന്ദ്രങ്ങളിലും ഒരേസമയം വോട്ടെടുപ്പ് നടത്താൻ രാജ്യത്ത് ഒരു ചർച്ച തുടരുകയാണ്. ജനങ്ങൾ തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുന്നത് ആരോഗ്യകരമായ ജനാധിപത്യത്തിന് നല്ലൊരു സൂചനയാണ് മോദി പറഞ്ഞു.
ബി.ജെ.പി, ശിരോമണി അകാലിദൾ, അണ്ണാ ഡി.എം.കെ, സമാജ്വാദി പാർട്ടി, തെലങ്കാന രാഷ്ട്ര സമിതി തുടങ്ങിയ പാർട്ടികൾ ഒറ്റതിരഞ്ഞെടുപ്പിനെ അനുകൂലിച്ചിട്ടുണ്ട്. എന്നാൽ, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ഡി.എം.കെ, തെലുങ്ക് ദേശം പാർട്ടി, ഇടത് പാർട്ടികൾ, ജെ.ഡി(എസ്) എന്നിവ ഇതിനെ എതിർത്തിട്ടുണ്ട്. തങ്ങളുടെ അഭിപ്രായം പാർട്ടികൾ നിയമ കമ്മിഷനെ അറിയിച്ചിട്ടുണ്ട്.
ഒറ്റ തെരഞ്ഞെടുപ്പിന് ഒരു സാധ്യതയും ഇല്ല എന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഒ.പി. റാവത്ത് പ്രതികരിച്ചത്. ഇത്തരത്തിൽ തെരഞ്ഞെടുപ്പ് നടത്തണമെങ്കിൽ കുറഞ്ഞത് ഒരു വർഷമെങ്കിലുമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook