അഗര്‍ത്തല : പുതിയ സംസ്ഥാനം രൂപീകരിക്കണം എന്നാവശ്യപ്പെട്ട് ഗോത്രവര്‍ഗക്കാരുടെ മുന്നേറ്റമായ ഐപിഎഫ്ടി നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമം പരാജയപ്പെട്ടപ്പോള്‍. അനിശ്ചിതകാലത്തെക്ക് പ്രഖ്യാപിച്ചിരിക്കുന്ന റെയില്‍- റോഡ്‌ ഉപരോധസമരത്തില്‍ ത്രിപുരയിലെ ജനജീവിതം സ്തംഭിച്ചു.

കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും സംസ്ഥാനം രൂപീകരിക്കുവാനുള്ള ‘വ്യക്തമായ ഉറപ്പ്’ ലഭിക്കുന്നതു വരെ റെയില്‍- റോഡുകള്‍ തഉപരോധിച്ചുകൊണ്ടുള്ള സമരം തുടരും എന്നാണു ഞായറാഴ്ച നടന്ന ചര്‍ച്ചയ്ക്ക് ശേഷം ഐപിഎഫ്ടി അറിയിച്ചത്.

“കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ ഉറപ്പ് നല്‍കുന്നതുവരെ ഉപരോധം പിൻവലിക്കില്ല” ഐപിഎഫ്ടി പ്രസിഡന്റ് നരേന്ദ്ര ചന്ദ്ര ദേബ്ബര്‍മ പറഞ്ഞു. ജൂലൈ പത്തുമുതല്‍ സംസ്ഥാനം അവശ്യവസ്തുകളുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും ക്ഷാമം അനുഭവിക്കുകയാണ്.

Read More : എന്താണ് ത്രിപുരയെ സ്തംഭിപ്പിച്ചിരിക്കുന്ന തിപ്രാലാന്‍ഡ് മുന്നേറ്റം ?
തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ വച്ച് ഐപിഎഫ്ടി അംഗങ്ങളും കേന്ദ്ര അഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ എന്തെങ്കിലും ധാരണയുണ്ടാവും എന്ന പ്രതീക്ഷയിലാണ് ത്രിപുര. ഐപിഎഫ്ടി ജനറല്‍ സെക്രട്ടറി മേവാര്‍ കുമാര്‍ ജാമാത്യയും യുവജന സംഘടനാനേതാവ് ധനഞ്ചോയ് ത്രിപുരയും ചര്‍ച്ചക്കായി ന്യൂഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. “സംസ്ഥാന സര്‍ക്കാരും അവരുടെ നിലപാട് കേന്ദ്രത്തെ അറിയിക്കേണ്ടതുണ്ട്” മേവാര്‍ കുമാര്‍ ദേബ്ബര്‍മ പറഞ്ഞു. ജനതാത്പര്യം കണക്കിലെടുത്ത് റോഡ്‌ ഉപരോധം പിന്‍വലിക്കണം എന്നു തിപ്രാലാന്‍ഡ് വിഷയം ചര്‍ച്ച ചെയ്യാന്‍ പോയ സംസ്ഥാന ചീഫ് സെക്രട്ടറി സഞ്ജീബ് രഞ്ജന്‍, പോലീസ് മേധാവി എപി ശുക്ല, അഭ്യന്തര സെക്രട്ടറി ശാന്താനു സിങ് എന്നിവരടങ്ങിയ സംഘം ഐപിഎഫ്ടി നേതാക്കളോട് ആവശ്യപ്പെട്ടു.

അതിനിടയില്‍, ഉപരോധ സമരം അവസാനിപ്പിക്കാൻ സംസ്ഥാനസര്‍ക്കാര്‍ ഒരു നടപടിയുമെടുക്കാത്ത പക്ഷം, ഒരു വിഭാഗം വ്യാപാരികൾ അവശ്യ സാധനങ്ങളുടെ കൃത്രിമ പ്രതിസന്ധി സൃഷ്ടിക്കുകയാണ് എന്ന് മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ