കാബൂൾ: സർവകലാശാലകളിൽ പെൺകുട്ടികൾക്ക് പ്രവേശനം നിഷേധിച്ച് താലിബാൻ ഭരണകൂടം. അഫ്ഗാനിസ്ഥാനിലെ താലിബാൻ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് പെൺകുട്ടികൾക്ക് സർവ്വകലാശാലകളിലേക്കുള്ള പ്രവേശനം മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചത്.
സർവകലാശാലകളിലേക്ക് പെൺകുട്ടികൾക്ക് പ്രവേശനം നൽകുന്നത് ഉടനടി താൽക്കാലികമായി നിർത്തിവയ്ക്കാൻ അഫ്ഗാൻ പൊതു, സ്വകാര്യ സർവ്വകലാശാലകൾക്ക് നിർദേശം നൽകാൻ കാബിനറ്റിലാണ് തീരുമാനമായത്. ഇത് സംബന്ധിച്ച ഒരു കത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വക്താവ് സ്ഥിരീകരിച്ചു.
താലിബാന്റെ ഈ നടപടിയെ ഐക്യരാഷ്ട്രസഭയും യുഎസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളും ശക്തമായി അപലപിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള താലിബാൻ നയങ്ങളിൽ മാറ്റം ആവശ്യമാണെന്ന് അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾ ആവശ്യപ്പെട്ടു.
എല്ലാ അഫ്ഗാനികളുടെയും അവകാശങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളുടെയും പെൺകുട്ടികളുടെയും മനുഷ്യാവകാശങ്ങളെയും മൗലിക സ്വാതന്ത്ര്യത്തെയും മാനിക്കുന്നതുവരെ താലിബാൻ രാജ്യാന്തര സമൂഹത്തിൽ നിയമാനുസൃത അംഗമാകുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് യു.എസ് ഡെപ്യൂട്ടി യു.എൻ അംബാസഡർ റോബർട്ട് വുഡ് യുണൈറ്റഡ് നാഷൻസ് സെക്യൂരിറ്റി കൗൺസിലിനോട് പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങളുടെ മറ്റൊരു വെട്ടിച്ചുരുക്കലാണ് ഇതെന്നും ഓരോ വിദ്യാർത്ഥിനിയെയും നിരാശപ്പെടുത്തുന്നതാണെന്നും ബ്രിട്ടനിലെ യു.എൻ അംബാസഡർ ബാർബറ വുഡ്‌വാർഡ് പറഞ്ഞു.
നിരവധി വിദ്യാർത്ഥികൾ യൂണിവേഴ്‌സിറ്റി അവസാന പരീക്ഷ എഴുതാനിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കത്തിനെക്കുറിച്ച് കേട്ടതും കാബൂളിലെ മെഡിക്കൽ പഠനം തുടരാൻ കഴിയില്ലെന്ന് ഭയന്ന്, കരഞ്ഞുകൊണ്ട് തന്റെ മകൾ വിളിച്ചതായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സർവകലാശാല വിദ്യാർഥിനിയുടെ അമ്മ പറഞ്ഞു.
”ഈ വേദന എനിക്ക് മാത്രമല്ല, അമ്മമാരായ ഞങ്ങളുടെ ഹൃദയത്തിലെ വേദന പറഞ്ഞറിയിക്കാനാവില്ല. ഞങ്ങളെല്ലാവരും ഈ വേദന അനുഭവിക്കുന്നു, കുട്ടികളുടെ ഭാവിയെക്കുറിച്ച് ഞങ്ങൾ ആശങ്കാകുലരാണ്,” അവർ പറഞ്ഞു.