scorecardresearch

‘എല്ലാവർക്കും മാപ്പ് നൽകി;’ ഇസ്ലാമിക നിയമപ്രകാരം സ്ത്രീകളുടെ അവകാശങ്ങൾ മാനിക്കപ്പെടുമെന്ന് താലിബാൻ

തങ്ങൾക്ക് ആരോടും ശത്രുതയില്ലെന്നും തങ്ങളുടെ നേതാവിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എല്ലാവർക്കും മാപ്പ് നൽകിയിട്ടുണ്ടെന്നും താലിബാൻ പ്രതിനിധി വാർത്താസമ്മേളനത്തിൽ പറഞ്ഞു

Taliban, Afghanistan, Gunfight
Photo: Twitter/ Stefano Pontecorvo

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ അധികാരത്തിലേറിയ ശേഷം താലിബാൻ പ്രതിനിധികൾ ആദ്യ വാർത്താ സമ്മേളനം നടത്തി. തങ്ങൾക്ക് ആരോടും ശത്രുതയില്ലെന്നും തങ്ങളുടെ നേതാവിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എല്ലാവർക്കും മാപ്പ് നൽകിയിട്ടുണ്ടെന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തങ്ങൾ സമവായത്തിലെത്തുമെന്നും അതിലൂടെ രാജ്യത്ത് ഒരു ഇസ്ലാമിക സർക്കാർ രൂപീകരിക്കുമെന്നും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഇസ്ലാമിക നിയമപ്രകാരം സ്ത്രീകളുടെ അവകാശങ്ങൾ മാനിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് ആരോഗ്യ മേഖലയിലും അവർക്ക് ആവശ്യമുള്ള മറ്റ് മേഖലകളിലും ജോലി ചെയ്യാനാവുമെന്നും അവരോട് യാതൊരു വിവേചനവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അഫ്ഗാനിസ്ഥാൻ താലിബാൻ അധികാരത്തിലെത്തിയ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ മന്ത്രിസഭായോഗം ഇന്ന് ചേർന്നതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി നിർമ്മലാ സീതാരാമൻ എന്നിവർ മുതിർന്ന ഉദ്യോഗസ്ഥരെ കൂടാതെ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ പങ്കെടുത്തവരിൽ എൻഎസ്എ അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗ്ല എന്നിവരും അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസഡർ രുദ്രേന്ദ്ര ടണ്ടനും ചൊവ്വാഴ്ച തന്നെ ഇന്ത്യയിലേക്ക് മടങ്ങി.

അതേസമയം, അഫ്ഗാനിസ്ഥാനിലെ താലിബാൻ തങ്ങളുടെ പ്രവർത്തകരോട് അച്ചടക്കം പാലിക്കണമെന്നും നയതന്ത്ര കെട്ടിടങ്ങളിൽ പ്രവേശിക്കരുതെന്നും എംബസി വാഹനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും നിർദേശിച്ചു. സാധാരണക്കാർക്ക് പതിവുപോലെ അവരുടെ കാര്യങ്ങൾ നിർവഹിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു . ഭരണകൂടത്തില്‍ ചേരാന്‍ സ്ത്രീകളോട് ആഹ്വാനവും ചെയ്തു. തലസ്ഥാന നഗരി ശാന്തമാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് താലിബാന്‍. അഫ്ഗാനിസ്ഥാനില്‍ നിന്ന് പതിനായിരങ്ങള്‍ പലായനത്തിന് ശ്രമിക്കുമ്പോഴാണ് താലിബാന്റെ പുതിയ നീക്കം.

താലിബാന്റെ സാംസ്കാരിക കമ്മീഷൻ അംഗമായ എനാമുല്ല സമാംഗനിയുടെ പുതിയ പ്രസ്താവനകള്‍ ഭരണകൂടത്തിന്റെ ആദ്യ നടപടികളെന്താകുമെന്ന സൂചനയാണ് നല്‍കുന്നത്. നിലവില്‍ കാബൂളില്‍ നിന്ന് ആക്രമണം നടക്കുന്നതിന്റെ റിപ്പോര്‍ട്ടുകളില്ല. ജയിലുകളില്‍ നിന്ന് തടവുകാരെ മോചിപ്പിച്ചതിനും ആയുധ ശേഖരങ്ങള്‍ പിടിച്ചെടുത്തതിനും പിന്നാലെ ഭൂരിഭാഗം ജനങ്ങളും വീടുകളില്‍ തന്നെ തുടരുകയാണ്.

“സത്രീകളെ ഇരകളക്കാന്‍ ആഗ്രഹിക്കുന്നില്ല. ശരീഅത്ത് നിയമമനുസരിച്ച് അവർ സർക്കാർ ഘടനയിൽ ആയിരിക്കും. ഭരണ ഘടന പൂർണ്ണമായി വ്യക്തമായിട്ടില്ല, എന്നാൽ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഒരു സമ്പൂർണ്ണ ഇസ്ലാമിക നേതൃത്വം ഉണ്ടായിരിക്കും,” സമാംഗനി പറഞ്ഞു.

അതേസമയം, അഫ്ഗാനിസ്ഥാനിലെ നാറ്റോയുടെ മുതിർന്ന പ്രതിനിധി സ്റ്റെഫാനോ പോണ്ടെകോർവോ അഫ്ഗാനിസ്ഥാനിലെ വിമാനത്താവളങ്ങളിലെ സ്ഥിതിയെക്കുറിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. റണ്‍വെ തുറന്നിരിക്കുന്നു, വിമാനങ്ങള്‍ വരുന്നതും പോകുന്നതും എനിക്ക് കാണാം, സ്റ്റെഫാനോ കുറച്ചു. യാത്രാ വിമാനങ്ങളുടെ സര്‍വീസ് നിർത്തിവച്ചിരിക്കുന്നതിനാൽ അമേരിക്കൻ സൈന്യം ഏറ്റെടുത്ത അഫ്ഗാൻ വ്യോമാതിർത്തിയിൽ മറ്റ് വിമാനങ്ങളൊന്നുമില്ല.

അഫ്ഗാനിസ്ഥാനിലുടനീളം പലായന ശ്രമത്തിനിടെ ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റതായി റെഡ് ക്രോസിന്റെ അന്താരാഷ്ട്ര കമ്മിറ്റി അറിയിച്ചു. സുരക്ഷാസേനയും രാഷ്ട്രീയ നേതാക്കളും തങ്ങളുടെ പ്രവശ്യകള്‍ പോരാട്ടം പോലും നടത്താതെ വിട്ടു കൊടുത്തു. അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണത്തിനായി രണ്ട് പതിറ്റാണ്ട് നീണ്ടു നിന്ന പാശ്ചാത്യ പരീക്ഷണങ്ങള്‍ക്ക് താലിബാന്റെ വരവോടെ അവസാനമായിരിക്കുകയാണ്.

“അഫ്ഗാനിസ്ഥാനില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ ലോകമെമ്പാടുമുള്ള മനുഷ്യ സമൂഹം വീക്ഷിക്കുകയാണ്. ഇനി വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അസ്വസ്ഥരാണ് ലോകജനത,” ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍നിന്ന് സൈന്യത്തെ പിന്‍വലിച്ചതിനെ ന്യായീകരിച്ചും അഫ്ഗാന്‍ നേതാക്കളെ കുറ്റപ്പെടുത്തിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണം അമേരിക്കയുടെ ലക്ഷ്യമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ബൈഡന്റെ പ്രതികരണം.

“അഫ്ഗാനിലെ നേതാക്കള്‍ക്ക് രാജ്യത്തിനായി ഒന്നിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. താലിബാനുമായി ചര്‍ച്ച നടത്താന്‍ പ്രസിഡന്റ് അഷ്റഫ് ഗനിയോട് ഉപദേശിച്ചിരുന്നു. എന്നാല്‍ നിരാകരിക്കുകയാണുണ്ടായത്. അഫ്ഗാനിസ്ഥാന് പോരാടാന്‍ താത്പര്യമില്ലാത്ത യുദ്ധത്തില്‍ ഇടപെടാനില്ല,” ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: അഫ്ഗാന്‍ നേതാക്കള്‍ രാജ്യത്തിനായി ഒന്നിച്ച് നിന്നില്ല, പോരാടാതെ പിന്മാറി: കുറ്റപ്പെടുത്തി ബൈഡന്‍

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Taliban announces amnesty in afghanistan

Best of Express