scorecardresearch
Latest News

ആള്‍വാര്‍ കൊലപാതകം: ആശുപത്രിയിലേക്കുളള വഴി ഇരയെ വണ്ടിയിലിരുത്തി പൊലീസ് ചായ കുടിക്കാന്‍ കയറി

ആശുപത്രിയിലേക്കുളള വഴി പൊലീസ് സംഘം ചായ കുടിക്കാന്‍ കയറിയതായും കണ്ടെത്തല്‍

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ആള്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്ന അക്ബര്‍ ഖാനെ സാരമായി പരുക്കേറ്റിട്ടും ആശുപത്രിയിലെത്തിക്കാതെ 4 മണിക്കൂര്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ചതായി റിപ്പോര്‍ട്ട്. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആശുപത്രിയിലേക്കാണെന്നും പറഞ്ഞ് അക്ബറിനെ വാഹനത്തില്‍ കയറ്റിയ പൊലീസ് നാല് മണിക്കൂര്‍ വെകിയാണ് ആശുപത്രിയിലെത്തിയത്. ഇതിന് മുമ്പ് ഇവര്‍ പിടിച്ചെടുത്ത പശുക്കളെ ഗോശാലയിലെത്തിച്ചു. തുടര്‍ന്ന് പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു. ആശുപത്രിയിലേക്കുളള വഴി ഇവര്‍ ചായ കുടിക്കാന്‍ കയറിയതായും കണ്ടെത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അക്ബര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് പോവുമ്പോഴാണ് 28കാരനായ അക്ബര്‍ മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പുലര്‍ച്ചെ 12.41ഓടെയാണ് പൊലീസിന് അക്രമത്തെ കുറിച്ചുളള വിവരം ലഭിച്ചത്. തുടര്‍ന്ന് 1.20ഓടെ പൊലീസ് എത്തി രക്തത്തില്‍ കുളിച്ച് കിടന്ന അക്ബറിനെ കസ്റ്റഡിയിലെടുത്തു.

ബിജെപി നേതാവായ കിഷോര്‍ എന്നയാളുടെ വീട്ടിലേക്കാണ് ഇതിന് പിന്നാലെ പൊലീസ് പോയത്. തുടര്‍ന്ന് കിഷോറിന്റെ സഹായത്തോടെ പശുക്കളെ ഗോശാലയിലെത്തിക്കാന്‍ വാഹനം ഏര്‍പ്പാടാക്കി. ഇതിനിടെ പൊലീസ് വാഹനത്തില്‍ വെച്ച് ആരെയോ മര്‍ദ്ദിക്കുന്നതായി കണ്ടതായി കിഷോറിന്റെ ബന്ധുവായ മായ എന്‍ഡിടിവിയോട് പ്രതികരിച്ചു. അപ്പോള്‍ അയാള്‍ക്ക് ജീവനുണ്ടായിരുന്നതായും മായ പറഞ്ഞു.

ഇതിന് പിന്നാലെ പൊലീസ് സംഘം ഒരു ചായക്കടയില്‍ വണ്ടി നിര്‍ത്തി ചായ കുടിച്ചു. ഗോശാലയിലേക്കുളള പശുക്കളുടെ വാഹനം കാത്ത് അവര്‍ ചായക്കടയിലിരുന്നു. നാല് കപ്പ് ചായയാണ് ഇവര്‍ കുടിച്ചതെന്ന് ചായക്കടക്കാരനും വെളിപ്പെടുത്തി. ഇതിന് ശേഷം ഇവര്‍ പൊലീസ് സ്റ്റേഷനിലേക്കാണ് ഗുരുതരമായി പരുക്കേറ്റ അക്ബറിനേയും കൊണ്ടുപോയത്. പിന്നീട് ഗോശാലയിലെത്തി പശുക്കള്‍ അവിടെ എത്തിയെന്ന് ഉറപ്പുവരുത്തി. ഇതിന് ശേഷം മാത്രമാണ് പൊലീസ് അക്ബറിനേയും കൊണ്ട് ആശുപത്രിയിലെത്തിയത്. ആശുപത്രിയിലെ രജിസ്റ്ററില്‍ കുറിച്ചത് പ്രകാരം പുലര്‍ച്ചെ 4 മണിക്കാണ് പൊലീസ് സംഘം അക്ബറിനെ എത്തിച്ചത്.
ആല്‍വാറില്‍ ഒരുവര്‍ഷം മുമ്പ് പശുക്കടത്തിന്റെ പേരില്‍ ഒരാളെ അടിച്ചുകൊന്നത് ഏറെ വിവാദമായിരുന്നു. ഹരിയാന സ്വദേശിയാണ് കൊല്ലപ്പെട്ട അക്ബര്‍ ഖാന്‍.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Taking alwar mob victim to hospital cops stopped for tea cow transport