scorecardresearch
Latest News

പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് മാനസികാസ്വാസ്ഥ്യമുളള യുവാവിന് ക്രൂരമർദ്ദനം

അഫ്രോസ് എന്ന 26കാരനെ മൂന്ന് പശുക്കള്‍ക്കൊപ്പം കണ്ടതോടെ ഇയാള്‍ പശുക്കടത്തുകാരനാണെന്ന നിഗമനത്തിലേക്ക് ആള്‍ക്കൂട്ടം എത്തുകയായിരുന്നു

പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് മാനസികാസ്വാസ്ഥ്യമുളള യുവാവിന് ക്രൂരമർദ്ദനം

റാഞ്ചി: പശുവിന്റെ പേരിൽ അരങ്ങേറുന്ന ആക്രമണങ്ങൾക്കെതിരെ പാർലമെന്റിൽ പ്രതിപക്ഷ കക്ഷികൾ ബിജെപി സർകക്കാറിനെതിരെ ശക്തമായ പ്രതിഷേധം നടത്തുന്നതിനിടയിൽ പശുവിനെ കടത്തിയെന്ന് ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ആള്‍ക്കൂട്ടം വളഞ്ഞിട്ട് മര്‍ദ്ദിച്ചു. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് സംഭവമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അഫ്രോസ് എന്ന 26കാരനെ മൂന്ന് പശുക്കള്‍ക്കൊപ്പം കണ്ടതോടെ ഇയാള്‍ പശുക്കടത്തുകാരനാണെന്ന നിഗമനത്തിലേക്ക് ആള്‍ക്കൂട്ടം എത്തുകയായിരുന്നു. പശുവിനെ മോഷ്ടിച്ചെന്ന് ആക്രോശിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചപ്പോള്‍ നിഷേധിക്കാന്‍ പോലും മാനസികാസ്വാസ്ഥ്യമുള്ള ആ യുവാവിന് കഴിഞ്ഞില്ല. മര്‍ദ്ദനത്തില്‍ യുവാവിന്‍റെ തലയ്ക്കും പുറത്തും കാലിനും പരിക്കേറ്റു. റാഞ്ചി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സൈക്യാട്രിയില്‍ അഞ്ച് വര്‍ഷം ചികിത്സയിലായിരുന്നു യുവാവെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഗോ രക്ഷയുടെ പേരില്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയിരുന്നു. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബീഫ് കൊണ്ടുപോയെന്നോ ഉപയോഗിച്ചുവെന്നോ ആരോപിച്ച് ജനങ്ങളെ ആൾക്കൂട്ടം ക്രൂരമായി മർദിക്കുകയും ചിലർക്ക് ജീവൻ നഷ്ടമാവുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു മോദിയുടെ മുന്നറിയിപ്പ്. നേരത്തെയും അദ്ദേഹം സമാനമായ പ്രതികരണം നടത്തിയിരുന്നു. പശുവിന്റെ പേരിലുള്ള കൊലപാതകങ്ങൾ സ്വീകരിക്കാൻ കഴിയില്ലെന്നായിരുന്നു മോദിയുടെ പ്രതികരണം.

പശുവിന്റെ പേരിൽ ആക്രമണങ്ങൾ പാടില്ലെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നെങ്കിലും ഫലമില്ലായിരുന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നശേഷം രാജ്യത്ത് നാലിലധികം ആള്‍ക്കൂട്ട ഭീകരത റിപ്പോർട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കകം ജാര്‍ഖണ്ഡില്‍ അന്‍സാരിയെന്ന വ്യാപാരിയെ ഒരു സംഘം തല്ലിക്കൊല്ലുകയും അദ്ദേഹത്തിന് വാഹനത്തിന് തീയിടുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ മീഡിയ ഇന്‍ചാര്‍ജ് ദീപക് മിശ്രയുള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായിരുന്നു.

പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ ട്രെ​യി​നി​ൽ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ക​യാ​യി​രു​ന്ന 16കാ​രനായ ജുനൈദിനെ ബീ​ഫ്​ ക​ഴി​ക്കു​ന്ന​വ​രെ​ന്ന്​ ആ​രോ​പി​ച്ച് വർഗീയവാദികൾ മർദ്ദിക്കുകയും കു​ത്തി​ക്കൊ​ല്ലുകയും ചെയ്​തതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. കന്നുകാലികളുടെ പേരിൽ നടന്ന അക്രമങ്ങളിൽ 97 ശതമാനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നശേഷമാണെന്നാണ് റിപ്പോർട്ടുകൾ.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Taken to be a cattle thief mentally ill man tied to tree thrashed by mob in jharkhand