ന്യൂഡല്‍ഹി: താജ്മഹല്‍ ഇന്ത്യയുടെ പൈതൃകത്തിന്റെ ഭാഗമാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. രാജ്യത്തിന്റെ പൈതൃകത്തെ ഉയര്‍ത്തിപ്പിടിക്കാതെ വികസനം ഉണ്ടാവില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ഉയര്‍ത്തിക്കാണിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദ ബിജെപി എംഎല്‍എ സംഗീത് സോമിന്റെ താജ്മഹല്‍ വിരുദ്ധ പ്രസ്താവന ചര്‍ച്ചയായ സാഹചര്യത്തിലാണ് കണ്ണന്താനത്തിന്റെ പ്രതികരണം.

‘താജ്മഹലിന്റെ പൈതൃകത്തില്‍ ഞങ്ങള്‍ അഭിമാനം കൊളളുന്നു എന്ന് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ടൊരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് താജ്’, കണ്ണന്താനം വ്യക്തമാക്കി.

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്നായിരുന്നു ബിജെപി നേതാവ് സംഗീത് സോം പറഞ്ഞത്. ഉത്തര്‍പ്രദേശിന്റെ ടൂറിസം ബുക്‌ലെറ്റില്‍ നിന്ന് താജ്‌മഹലിനെ നീക്കം ചെയ്തത് കുറെയാളുകളെ വിഷമിപ്പിച്ചിട്ടുണ്ട്. എന്നാല്‍ താജ്മഹലിന് എന്ത് ചരിത്ര പ്രാധാന്യമാണ് അവകാശപ്പെടാനുള്ളതെന്ന് സംഗീത് സോം ചോദിച്ചു.

താജ്മഹല്‍ നിർമിച്ച ഷാജഹാന്‍ ഇന്ത്യയില്‍ നിന്ന് ഹിന്ദുക്കളെ നീക്കം ചെയ്യാന്‍ ശ്രമിച്ചയാളാണെന്നും ഇത്തരം ആളുകള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ അത് വളരെ സങ്കടമാണെന്നും ആ ചരിത്രം നമ്മള്‍ മാറ്റുമെന്നും സംഗീത് സോം അറിയിച്ചു.
അടുത്തിടെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ടൂറിസ്റ്റ് ബുക്‌ലെറ്റ് പുറത്തിറക്കിയത്. ഇതില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കുകയും ഗോരഖ്പുര്‍ ക്ഷേത്രം ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ത്യന്‍ സംസ്‌കാരവുമായി താജ്മഹലിന് യാതൊരു ബന്ധവുമില്ലെന്ന് അടുത്തിടെ യോഗി ആദിത്യനാഥും നിലപാടെടുത്തിരുന്നു. വിദേശ രാജ്യത്തുനിന്ന് എത്തുന്ന അതിഥികള്‍ക്ക് താജ്മഹലിന്റെ രൂപം നല്‍കുന്നതും യോഗി എതിര്‍ത്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook