ന്യൂഡൽഹി: താജ്മഹലിനോടുളള കേന്ദ്ര സർക്കാരിന്റെ അവഗണനയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഒന്നുകിൽ ഈ താജ്മഹൽ അടച്ചു പൂട്ടുകയോ അല്ലെങ്കിൽ പൊളിച്ചുനീക്കുകയോ പുനർനിർമിക്കുകയോ ചെയ്യണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു. താജ്മഹലിനെ സംരക്ഷിക്കാൻ എന്തു നടപടികളാണ് സ്വീകരിച്ചതെന്ന് കേന്ദ്രത്തോടും ഉത്തർ പ്രദേശ് സർക്കാരിനോടും സുപ്രീം കോടതി ആരാഞ്ഞു.

പാരിസിലെ ഈഫർ ടവറിനെക്കാൾ സുന്ദരമാണ് താജ്മഹലെന്നും കോടതി പറഞ്ഞു. ”ടിവി ടവർ പോലിരിക്കുന്ന ഈഫർ ടവർ കാണാൻ 80 ലക്ഷം സന്ദർശകരാണ് എത്തുന്നത്. അതിനെക്കാൾ സുന്ദരമാണ് നമ്മുടെ താജ്. മികച്ച രീതിയിൽ സംരക്ഷിച്ചാൽ സർക്കാരിന് അതിലൂടെ വിദേശ നാണ്യം വർധിപ്പിക്കാനാവും. ഒരേയൊരു ചരിത്ര സ്‌മാരകം കൊണ്ട് രാജ്യത്തിലെ പ്രശ്‌നം പരിഹരിക്കാനാവും. നിങ്ങളുടെ അനാസ്ഥ മൂലം രാജ്യത്തിന് എത്രമാത്രം നഷ്‌ടമാണ് സംഭവിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോയെന്ന്” കോടതി ചോദിച്ചു.

താജമഹലിന്റെ അറ്റകുറ്റപണി സമയബന്ധിതമായി നിർവഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. താജ്മഹലിനു ചുറ്റും പുക മലിനീകരണം ഉണ്ടാകുന്നതിന്രെ സ്രോതസ്സിനെക്കുറിച്ച് കണ്ടെത്താനും അത് തടയാൻ വേണ്ട പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കാനും ഒരു സ്‌പെഷ്യൽ കമ്മിറ്റിയെ നിയോഗിക്കാനും കോടതി ഉത്തരവിട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ