ന്യൂഡൽഹി: രാജ്യത്താകമാനം അടുത്തിടെയായി വ്യാജസന്ദേശങ്ങളുടെ വ്യാപക പ്രചാരണത്തിന്റെ പിൻബലത്തിൽ വർധിച്ചുവരുന്ന ആൾക്കൂട്ട അക്രമങ്ങളുടെ പശ്ചാത്തലത്തിൽ വാട്സ്ആപ്പ് ഉൾപ്പടെയുളള സാമൂഹിക മാധ്യമങ്ങളിൽ നിന്നും കൂടുതൽ ഉത്തരവാദിത്വം എന്ന ആവശ്യം ശക്തമാകുന്നു. വ്യാജസന്ദേശങ്ങൾ പ്രചരിക്കുന്നത് തടയുകെയന്നത് റോക്കറ്റ് സയൻസ് ഒന്നും ആവശ്യമില്ലാത്ത കാര്യമാണെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് അഭിപ്രായപ്പെട്ടു.

ഏതെങ്കിലും ഒരു പ്രദേശത്ത് ഒരു പ്രത്യേക വിഷയത്തിൽ വലിയ തോതിൽ വാട്സ്ആപ്പ് സന്ദേശം പ്രചരിക്കുന്നുവെങ്കിൽ അത് കണ്ടെത്തുന്ന സാങ്കേതിക വിദ്യയ്‌ക്ക് റോക്കറ്റ് സയൻസൊന്നും വേണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

വാട്സ്ആപ്പ് പോലുളള സോഷ്യൽ മീഡിയ കമ്പനികൾ ഇന്ത്യൻ മാർക്കറ്റിൽ നിന്നും വാണിജ്യ നേട്ടമുണ്ടാക്കുന്നവയാണ്. അവരുടെ പ്ലാറ്റ്​ഫോമുകളിലൂടെ അധിക്ഷേപകരവും അപകടകരവുമായ, പ്രകോപികതവുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കപ്പെടുന്നത് തടയാൻ അവർ ജാഗരൂകരും ഉത്തരവാദിത്വമുളളവരുമായിരിക്കണമെന്ന് മന്ത്രി പറഞ്ഞു.

ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുളള ഈ​ സ്ഥാപനം നിലവിൽ സംഭവിച്ച ആൾക്കൂട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ദുർഘടാവസ്ഥയിലൂടെ കടന്നുപോകുകയാണ്.  ഈ പ്ലാറ്റ് ഫോമിലൂടെയാണ് പ്രകോപനപരമായ വ്യാജ സന്ദേശങ്ങൾ പ്രചരിച്ചതെന്ന് സംശയിക്കപ്പെടുന്ന സാഹചര്യത്തിലാണ് അവർ പ്രതിക്കൂട്ടിലായിരിക്കുന്നത്. ഏറ്റവും അവസാനം മഹാരാഷ്ട്രയിലെ ധൂലെയിൽ കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയവർ എന്നാരോപിച്ച് അഞ്ച് പേരെ ആൾക്കൂട്ടം കൊലപ്പെടുത്തിയിരുന്നു.

“നിരുത്തരവാദിത്വപരവും അപകടകരവുമായ സന്ദേശങ്ങൾ” പ്രചരിക്കപ്പെടുന്നത് തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ചൊവ്വാഴ്‌ച വാട്സ്ആപ്പിനോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. “ശക്തമായ അപ്രിയം”പ്രകടിപ്പിച്ച സർക്കാർ, വ്യാജ സന്ദേശങ്ങളുടെ ഒഴുക്ക് തടയാൻ അടിയന്തരിമായ നടപടികളും ആവശ്യമായ പരിഹാര ക്രിയകളും ചെയ്യണമെന്നും ആവശ്യപ്പെട്ടു.

Read More: ആള്‍ക്കൂട്ട കൊലപാതകം: വ്യാജ വാര്‍ത്ത പ്രചരിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് വാട്സ്ആപ്പിനോട് കേന്ദ്രം

‘നിഷ്‌ഠൂരമായ അക്രമങ്ങളെ’ “ഭിതിതം” എന്ന് പ്രതികരിച്ച വാട്സ്ആപ്പ്, തങ്ങളുടെ പ്ലാറ്റ് ഫോമിലൂടെ നടക്കുന്ന അധിക്ഷേപാർഹമായവ തടയാൻ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

വ്യാജവാർത്തകൾ, തെറ്റായ വിവരങ്ങൾ, തട്ടിപ്പ് എന്നിവ പരിശോധിക്കാൻ സർക്കാരും സിവിൽ സൊസൈറ്റിയും ടെക്നോളജി കമ്പനികളും ഒന്നിച്ച് പ്രവർത്തിക്കണമെന്ന വാദമാണ് ഉയരുന്നത്. രാജ്യത്തെ ഐടി വകുപ്പ്, ആഭ്യന്തരമന്ത്രാലയം, പൊലീസ് എന്നിവരുമായി കോഓർഡിനേറ്റ് ചെയ്‌ത് പ്രവർത്തിക്കാൻ വാട്സ്ആപ്പ് തയ്യാറാകണമെന്ന് രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook