കയ്റാന: രാജ്യം ഉറ്റുനോക്കിയ ഉത്തർപ്രദേശിലെ കയ്റാന മണ്ഡലത്തിൽ ആർഎൽഡി-എസ്‌പി സംയുക്​ത സ്ഥാനാർഥി ബീഗം തബസും ഹസന്​ തിളക്കമാർന്ന വിജയം. ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ പരിചിത മുഖമായ തബസും 40,000ത്തിലേറെ വോട്ടുകൾക്കാണ്​ ബിജെപിയുടെ മൃഗാങ്ക സിങ്ങിനെ പരാജയപ്പെടുത്തിയത്​. കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി എന്നിവരുടെ പിന്തുണയോടെ മൽസരിച്ച് വിജയിച്ച തബസും ഇതോടെ 2014ന് ശേഷം ഉത്തര്‍പ്രദേശില്‍ നിന്നും പാര്‍ലമെന്റിലെത്തുന്ന ആദ്യ മുസ്‌ലിം എംപിയായി മാറും.

ആർഎൽഡിയിൽ ചേരുന്നതിന്​ മുമ്പ്​ ബിഎസ്​പി ടിക്കറ്റിൽ തബസും 2009ൽ ലോക്​സഭയിലേക്ക്​ വിജയിച്ചിരുന്നു. ബിജെപിയുടെ എംപി ഹുക്കും സിങ്​ മരിച്ച ഒഴിവിലേക്കാണ്​ പുതിയ ഉപതിരഞ്ഞെടുപ്പ്​ നടന്നത്​. സിങ്ങിന്റെ മകളാണ്​ മൃഗാങ്ക സിങ്​. ബിജെപിക്കെതിരായ സംയുക്​ത ​പ്രതിപക്ഷ പരീക്ഷണമെന്ന നിലയിൽ ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ച മണ്ഡലമായിരുന്നു കയ്റാന. ക​​ഴിഞ്ഞ മാർച്ചിൽ നടന്ന ലോക്​സഭാ ഉപതിരഞ്ഞെടുപ്പുകളിലും യുപിയിൽ ബി​ജെപി തിരിച്ചടി നേരിട്ടിരുന്നു.​ യുപിയിലെ നൂർപൂരിൽ നടന്ന നിയമസഭാ ​ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക്​ സീറ്റ്​ നഷ്​ടമായി.

1996 മുതല്‍ 1998 വരെ എംപിയായിരുന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് മുനവ്വിര്‍ ഹസന്റെ ഭാര്യയാണ് തബസും. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. 2009ല്‍ ഹരിയാനയില്‍ വച്ച് മുനവ്വര്‍ ഒരു കാറപകടത്തില്‍ മരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook