ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകൾക്ക് ശേഷം ആദ്യമായി പ്രതികരിച്ച് നടി താപ്സി പന്നു. തനിക്കെതിരായ ആരോപണങ്ങളോട് പ്രതികരിച്ച താപ്സി, ആദായനികുതി വകുപ്പിന്റെ നടപടിയെ പരിഹസിക്കുകയും ചെയ്തു. മാർച്ച് മൂന്നിനായിരുന്നു താപ്സിയുടേയും സംവിധായകൻ അനുരാഗ് കശ്യപിന്റേയും വസതികളിലും ഇരുവരുമായും ബന്ധപ്പെട്ട മറ്റിടങ്ങളിലും പരിശോധന ആരംഭിച്ചത്.

പാരീസിൽ തന്റെ പേരിൽ ഒരു ബംഗ്ലാവ് ഇല്ലെന്നും തനിക്ക് അഞ്ച് കോടി രൂപയുടെ രസീത് ലഭിച്ചിട്ടില്ലെന്നും താപ്‌സി പറഞ്ഞു. 2013 ൽ തന്റെ സ്വത്തിൽ റെയ്ഡ് ഉണ്ടായിട്ടില്ലെന്നും തപ്സി കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

“മൂന്ന് കാര്യങ്ങൾക്കായി മൂന്ന് ദിവസത്തെ തീവ്രമായ പരിശോധന. 1. പാരീസിൽ എനിക്ക് സ്വന്തമായി ഉണ്ടെന്ന് ‘ആരോപിക്കപ്പെടുന്ന ബംഗ്ലാവിന്റെ താക്കോലുകൾ. കാരണം വേനലവധി അടുത്തിരിക്കുകയാണ്. 2. ഞാൻ നിഷേധിച്ചു എന്ന കാരണത്താൽ എന്നെ ഫ്രെയിം ചെയ്യാനായി ഉപയോഗിച്ച അഞ്ചു കോടിയുടെ രസീത്. 3. നമ്മുടെ ബഹുമാന്യയായ ധനമന്ത്രിയുടെ അഭിപ്രായത്തിൽ 2013 റെയ്ഡിനെക്കുറിച്ചുള്ള എന്റെ ഓർമ്മ,” എന്നാണ് താപ്സി തന്റെ ട്വീറ്റിൽ പറയുന്നത്.

Read More: അനുരാഗിന്റെയും താപ്സിയുടെയും വീടുകളിൽ റെയ്ഡ്; 650 കോടിയുടെ ക്രമക്കേടെന്ന് ഉദ്യോഗസ്ഥര്‍

അനുരാഗ് കശ്യപുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, മുൻ ബിസിനസ് പങ്കാളികൾ, തപ്സി പന്നു, രണ്ട് ടാലന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളായ ക്വാൻ എന്റർടൈൻമെന്റ്, എക്‌സൈഡ് എന്റർടൈൻമെന്റ് എന്നിവ നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് 168 നികുതി ഉദ്യോഗസ്ഥർ മുംബൈയിലും പൂനെയിലും 28 സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു. 650 കോടി രൂപയുടെ പൊരുത്തക്കേട് കണ്ടെത്തിയെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ആരോപണം.

പ്രൊഡക്ഷൻ ഹൗസിന്റെ ഷെയർ ട്രാൻസാക്ഷനുകളുടെ കൃത്രിമത്വവും വിലയിരുത്തലും സംബന്ധിച്ച തെളിവുകൾ ലഭിച്ചതായും 350 കോടി രൂപയുടെ നികുതിയിളവ് കണ്ടെത്തിയതായും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും വാര്‍ത്താക്കുറിപ്പിൽ പറയുന്നു.

“യഥാർത്ഥ ബോക്സ് ഓഫീസ് കളക്ഷനുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രമുഖ ചലച്ചിത്ര നിർമാണ സ്ഥാപനം വരുമാനം വൻതോതിൽ മറച്ചുവച്ചതിന്റെ തെളിവുകൾ കണ്ടെത്തി. ഏകദേശം 300 കോടി രൂപയുടെ പൊരുത്തക്കേട് വിശദീകരിക്കാൻ കമ്പനി ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. ചലച്ചിത്ര സംവിധായകർക്കും ഓഹരി ഉടമകൾക്കുമിടയിൽ പ്രൊഡക്ഷൻ ഹൗസിന്റെ ഓഹരി ഇടപാടുകളിൽ കൃത്രിമത്വം നടന്നതായി തെളിവുകൾ കണ്ടെത്തി. ഏകദേശം 350 കോടി രൂപയുടെ നികുതിയിളവ് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നു,” ഡയറക്റ്റ് ടാക്സ് (സിബിഡിടി) സെൻട്രൽ ബോർഡിന്റെ വക്താവ് സുരഭി അലുവാലിയ പ്രസ്താവനയിൽ പറഞ്ഞു.

പ്രമുഖ നടി അഞ്ച് കോടി രൂപയുടെ ക്യാഷ് രസീത് സ്വീകരിച്ചതിന്റെ തെളിവുകൾ കണ്ടെടുത്തു. വിശദമായ അന്വേഷണം നടക്കുന്നു. വാര്‍ത്താക്കുറിപ്പിൽ തപ്സി പന്നുവിന്റെ പേര് വെളിപ്പെുടത്താതെ വകുപ്പ് പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook