പ്രവാചകനെതിരായ പരാമര്‍ശം നടത്തിയ തെലങ്കാന ബിജെപി എംഎല്‍എ ടി രാജാ സിങ് വീണ്ടും അറസ്റ്റില്‍. ഈ വര്‍ഷം ഏപ്രിലില്‍ പ്രവാചകനെതിരേ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ രാജാ സിങ്ങിനെതിരെ രണ്ട് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഹൈദരാബാദ് പൊലീസിന്റെ നടപടി.
ബുധനാഴ്ച വൈകുന്നേരം ഹൈദരാബാദിലെ വീട്ടില്‍ നിന്ന് ഗോഷാമഹല്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തതിന് മണിക്കൂറുകള്‍ക്ക് ശേഷം പ്രാദേശിക കോടതി ജാമ്യം അനുവദിച്ചു. രാമനവമി ആഘോഷ പരിപാടിയില്‍ സംസാരിക്കവെയാണ് സിങ് പ്രവാചകനെതിരെ പരാമര്‍ശം നടത്തിയത്. ഷാജിനായത്ഗഞ്ച്, മംഗല്‍ഘട്ട് പൊലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതേ കേസില്‍ രാജാ സിങ് 23ന് അറസ്റ്റിലായെങ്കിലും ഉടന്‍ ജാമ്യം ലഭിച്ചിരുന്നു. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് രാജാസിങ്ങിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സ്റ്റാന്‍ഡ്-അപ്പ് കോമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ഹൈദരാബാദിലെ ഷോ തടയുമെന്നു പറഞ്ഞുകൊണ്ട് പരിപാടിക്കു മുന്‍പ് രാജാ സിങ് വീഡിയോ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഭീഷണി വിലവയ്ക്കാതെ, പൊലീസ് സംരക്ഷണത്തില്‍ മുനവര്‍ ഷോ നടത്തി. ഇതിന് ശേഷമായിരുന്നു
രാജാ സിങിന്റെ വിവാദ വീഡിയോ പുറത്തുവന്നത്.
വീഡിയോയില്‍ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിന്ന തരത്തിലുള്ള പരാമര്‍ശമുണ്ടെന്ന് ആരോപണം ഉണ്ടാകുകയായിരുന്നു. ഇതിനു പിന്നാലെ എം എല്‍ എയ്ക്കെതിരെ പ്രതിഷേധം ആളിക്കത്തി. മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ എം എല്‍ എയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദിലെ ഒന്നിലധികം പൊലീസ് സ്റ്റേഷനുകള്‍ക്കു മുന്നില്‍ ജനക്കൂട്ടം പ്രതിഷേധിച്ചു. എന്നാല്‍, താന്‍ പ്രവാചകനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും അതൊരു ‘കോമഡി വീഡിയോ’ ആണെന്നും പറഞ്ഞ് എം എല്‍ എ പ്രതിരോധിക്കാന്‍ ശ്രമിച്ചിരുന്നു.