ബെര്‍ലിന്‍: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ജര്‍മ്മനിയില്‍ സിറിയന്‍ അഭയാര്‍ത്ഥി ഫെയ്സ്ബുക്കിനെതിരെ കേസ് ഫയല്‍ ചെയ്തു. അനസ് മൊദമാനി എന്ന സിറിയന്‍ പൗരനാണ് തനിക്ക് ഭീകരവാദ ബന്ധമുണ്ടെന്ന വ്യാജ വാര്‍ത്ത ഫെയ്സ്ബുക്കിലൂടെ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് രംഗത്തെത്തിയത്.

 

ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജെല മര്‍ക്കലുമൊത്ത് 201ല്‍ അനസ് എടുത്ത ഫോട്ടോയാണ് തെറ്റായ അടിക്കുറിപ്പുകളോടെ പ്രചരിച്ചത്. ബ്രസല്‍സിലും ബെര്‍ലിനിലും നടന്ന ഭീകരാക്രമണങ്ങള്‍ക്ക് അഭയാര്‍ത്ഥിയായ അനസ് മൊദമാനിക്ക് ബന്ധമുണ്ടെന്നായിരുന്നു പ്രചരണം. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന അഞ്ജെല മര്‍ക്കലിന്റെ നടപടിക്ക് കിട്ടിയ തിരിച്ചടിയാണ് ഇതെന്നും വ്യാജ വാര്‍ത്തയ്ക്കും ചിത്രത്തിനുമൊപ്പ് പ്രചരിച്ചു. ചിത്രം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അനസ് ഫെയ്സ്ബുക്കിന് അപേക്ഷ സമര്‍പ്പിച്ചെങ്കിലും അപ്പോഴേക്കും ചിത്രം വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.

19കാരനായ അനസിനെതിരെ പ്രചരണം നിര്‍ത്തലാക്കി ഫോട്ടോയും വാര്‍ത്തകളും ഡിലീറ്റ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സ്വീകരിക്കണമെന്ന് അനസിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ദിനംപ്രതി ലക്ഷക്കണക്കിന് പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടാറുള്ളതെന്നും ഇത്തരം വ്യാജ പ്രചരണങ്ങള്‍ പൂര്‍ണമായും എടുത്ത് കളയാനുള്ള സാങ്കേതികവിദ്യ നിലവിലില്ലെന്നും ഫെയ്സ്ബുക്ക് വ്യക്തമാക്കി. എന്നാല്‍, തങ്ങള്‍ ഒരുപാട് കാറുകള്‍ നിര്‍മ്മിക്കാറുണ്ടെന്നും എല്ലാത്തിന്റേയും സുരക്ഷ തങ്ങള്‍ക്ക് ഉറപ്പുവരുത്താന്‍ കഴിയില്ലെന്നും ഒരു കാര്‍ നിര്‍മ്മാണ കമ്പനിക്ക്  വാദിക്കാന്‍ കഴിയില്ലെന്ന് അനസിന്റെ അഭിഭാഷകന്‍ തിരിച്ചടിച്ചു.  കോടതി കേസ് മാര്‍ച്ച് മൂന്നിനേക്ക് മാറ്റിവെച്ചിട്ടുണ്ട്.

വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ നേരത്തെ ജര്‍മ്മന്‍ അധികൃതര്‍ ഫെയ്സ്ബുക്കിനെതിരെ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് 2015ല്‍ ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ അധികൃതര്‍ വ്യാജ വാര്‍ത്തകള്‍ നിയന്ത്രിക്കുമെന്ന് അറിയിച്ചെങ്കിലും ഫലപ്രദമായില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook