ദമസ്‌കസ്: പോഷകാഹാര കുറവ് മൂലം ശോഷിച്ച് എല്ലും തോലുമായി മാറിയ സഹര്‍ എന്ന ഒരു മാസം മാത്രം പ്രായമുളള പെണ്‍കുഞ്ഞ് സിറിയയിലെ ഗൗതയില്‍ ഞായറാഴ്ച്ചയാണ് അന്ത്യശ്വാസം വലിച്ചത്. ആഭ്യന്തര സംഘര്‍ഷങ്ങള്‍ തുടരുന്ന സിറിയയില്‍ നിരവധി കുഞ്ഞുങ്ങളാണ് ദിനംപ്രതി പട്ടിണി മൂലവും പോഷകാഹാരക്കുറവ് മൂലവും മരിക്കുന്നത്.
40 ലക്ഷത്തിലേറെ പേര്‍ക്കാണ് ആഭ്യന്തര യുദ്ധത്തില്‍ പാര്‍പ്പിടം നഷ്ടമായത്. നിരന്തരമായ ബോംബാക്രമണങ്ങള്‍ കുട്ടികളെ നിരവധി കുട്ടികളെ അനാഥരാക്കുകയും ചെയ്തു.

യൂനിസെഫിന്റെ കണക്ക് പ്രകാരം 20 ലക്ഷത്തോളം കുട്ടികള്‍ മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. രക്ഷിതാക്കള്‍ കൊല്ലപ്പെട്ടവരാണ് ഇവരില്‍ ഭൂരിഭാഗവും. യുദ്ധത്തില്‍ മാനസികമായും ശാരീരികമായും തകര്‍ന്ന കുട്ടികളുടെ കരളലിയിക്കുന്ന ചിത്രം സ്വീഡിഷ് ഫോട്ടോഗ്രാഫറായ മാഗ്നസ് വെന്‍മാന്‍ അടക്കമുളളവര്‍ പുറത്തുവിട്ടിരുന്നു. സിറിയയിലെ കൂട്ടക്കുരുതിയില്‍ മരിക്കാതെ മരിച്ച ഈ പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രങ്ങളും വീഡിയോയും ലോകമനസാക്ഷിക്ക് മുമ്പിലാണ് ചോദ്യചിഹ്നമായി നില്‍ക്കുന്നത്.

ഒരു മാസത്തിനിടെ 3,000ഓളം പേര്‍ ബോംബാക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്. കൊല്ലപ്പെട്ടവരില്‍ 955 പേര്‍ സാധാരണക്കാരാണ്. ഇതില്‍ 207 കുട്ടികളും ഉള്‍പ്പെടുന്നു. സാധാരണക്കാരില്‍ 70 ശതമാനവും കൊല്ലപ്പെട്ടത് സിറിയന്‍ -റഷ്യന്‍ സഖ്യത്തിന്റെയോ ഐഎസിനെതിരായ അന്താരാഷ്ട്ര സഖ്യത്തിന്റെയോ വ്യോമാക്രമണങ്ങളിലാണ്.

സിറിയയില്‍ ഈ വര്‍ഷം സംഘര്‍ഷാവസ്ഥ ഏറ്റവും രൂക്ഷമായത് സപ്തംബറിലാണെന്നു സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചു. സഖ്യസേനയുടെ വ്യോമാക്രമണങ്ങള്‍ വര്‍ധിച്ചതാണ് മരണസംഖ്യ ഉയരാന്‍ കാരണം. വിമത മേഖലകള്‍ കേന്ദ്രീകരിച്ച് റഷ്യന്‍ സിറിയന്‍ സഖ്യം വ്യോമാക്രമണം തുടരുന്നുണ്ട്. ഐഎസ് ഭീകരര്‍ അടക്കം 738 വിമതരും കഴിഞ്ഞമാസം കൊല്ലപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ