ബെയ്റൂട്ട്: ഇസ്ലാമിക് സ്റ്റേറ്റ് കൈവശപ്പെടുത്തിയ ദേർ അൽ സോർ നഗരത്തിനടുത്തെ എണ്ണപ്പാടം സിറിയൻ സേന തിരിച്ചുപിടിച്ചു. ഔദ്യോഗിക വാർത്ത ചാനലാണ് ഇക്കാര്യം പുറത്തുവിട്ടത്. വർഷങ്ങളായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നിയന്ത്രണത്തിലായിരുന്ന ദേർ അൽ സോർ നഗരം ഈ ആഴ്ചയാണ് സൈന്യം തങ്ങളുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവന്നത്.

ശനിയാഴ്ച രാവിലെയാണ് നഗരത്തിന്റെ തെക്കേ ഭാഗത്തെ മരുഭൂമിയിലെ എണ്ണപ്പാടത്തിനടുത്ത് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. അധികം വൈകാതെ തന്നെ ഭീകരരെ വധിച്ച് എണ്ണപ്പാടത്തിന്റെ നിയന്ത്രണം സിറിയ ഏറ്റെടുത്തു. ഈ നഗരത്തിൽ നിന്നും മയാദീൻ നഗരത്തിലേക്ക് പോകുന്ന ഹൈവേയുടെ നിയന്ത്രണവും സൈന്യത്തിന്റെ വരുതിയിലായിട്ടുണ്ട്.

ഇതോടെ മായാദീൻ നഗരം കേന്ദ്രീകരിച്ച് പ്രത്യാക്രമണത്തിന് ഭീകരർ ശ്രമിച്ചേക്കുമെന്നാണ് ബ്രിട്ടീഷ് സൈനികർ നേതൃത്വം വഹിക്കുന്ന തീവ്രവാദ നിരീക്ഷണ സംവിധാനത്തിൽ നിന്നുള്ള മുന്നറിയിപ്പ്. ദേർ അൽ സോറ നഗരം കൂടി പിടിയിലായതോടെ ഇസ്ലാമിക് സ്റ്റേറ്റിന് സിറിയയിലെ ആധിപത്യത്തിൽ വലിയ നഷ്ടം ഉണ്ടായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ