ഗൗത്ത: സിറിയയിലെ കിഴക്കന്‍ ഗൗതയിലെ ദൗമയില്‍ ആക്രമണത്തില്‍ 70ലധികം പേര്‍ കൊല്ലപ്പെട്ടു. രാസായുധ ആക്രമണമാണ് നടന്നതെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവര്‍ത്തന സംഘമായ വൈറ്റ് ഹെല്‍മറ്റ്സിന്റെ പ്രസ്താവന പ്രകാരം മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കും. രക്ഷാപ്രവര്‍ത്തകര്‍ വീടുകളില്‍ നടത്തിയ തിരച്ചിലില്‍ അനക്കമറ്റ നിരവധി മൃതദേഹങ്ങളാണ് കണ്ടെടുക്കുന്നത്.

എന്നാല്‍ നടന്നത് രാസായുധ ആക്രമണമല്ലെന്ന് പറഞ്ഞ് സിറിയന്‍ സര്‍ക്കാര്‍ റഷ്യയെ പിന്തുണച്ചു. 75 പേരാണ് ശ്വാസം മുട്ടി മരിച്ചതെന്ന് വൈറ്റ് ഹൈല്‍മറ്റ്സ് തലവന്‍ റയീദ് അല്‍ സലേഹ് പറഞ്ഞു. 100 കണക്കിന് ആളുകളെ ശ്വാസം മുട്ടലിനെ തുടര്‍ന്ന് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റി.

കുട്ടികളും സ്ത്രീകളുമാണ് ഇവരില്‍ ഏറേയും. ഹെലികോപ്റ്ററില്‍ നിന്നും ബാരല്‍ ബോംബ് ജനവാസ പ്രദേശത്ത് വര്‍ഷിക്കുകയായിരുന്നുവെന്ന് ഗൗത്ത മീഡിയ സെന്റര്‍ പറഞ്ഞു. വായില്‍ നിന്ന് നുരയും പതയും വരുന്ന രീതിയിലാണ് കുട്ടികളെയും സ്ത്രീകളേയും ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച്ച രാത്രിയും ഞായറാഴ്ച്ചയും പ്രദേശത്ത് ആക്രമണം കടുത്തതോടെ രക്ഷാപ്രവര്‍ത്തനവും ദുസ്സഹമായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ