ദമാസ്കസ്: സിറിയയില്‍ ആഭ്യന്തരയുദ്ധം കനക്കുന്നു. തെക്കന്‍ ജില്ലയായ ഘൗട്ടയില്‍ രണ്ടാഴ്ചയായി തുടരുന്ന യുദ്ധത്തില്‍ 340 മരണം സംഭവിച്ചു എന്നാണ് ഔദ്യോഗിക കണക്കുകള്‍. 561പേരെന്ന് സ്വതന്ത്ര ഏജന്‍സിയായ സിറിയന്‍ ഒബ്സര്‍വേറ്ററി ഓഫ് ഹ്യൂമണ്‍ റൈറ്റ്സും കണക്കാക്കുന്നു. ഇതില്‍ 185പേര്‍ കുട്ടികളും 109 സ്ത്രീകളുമാണ്.

കിഴക്കന്‍ ഘൗട്ടയിലെ നാല് ലക്ഷത്തോളം പേരാണ് വിമതരും സേനയും തമ്മില്‍ നടക്കുന്ന യുദ്ധത്തിന്‍റെ കെടുത്തി നേരിട്ടനുഭവിച്ചുകൊണ്ടിരിക്കുന്നത്. തലസ്ഥാന നഗരമായ ദമാസ്കസ്സിനോട് ചേര്‍ന്നുള്ള അവസാന വിമത പാളയമാണ് കിഴക്കന്‍ ഘൗട്ട അഞ്ച് വര്‍ഷമായി വിമതര്‍ കയ്യടക്കിവച്ചിരിക്കുന്ന സ്ഥലമാണ്. 2017ലെ കരാര്‍ ലംഘിച്ച് കൊണ്ടാണ് കഴിഞ്ഞ രണ്ടാഴ്ചയായി വ്യോമയുദ്ധം നടക്കുന്നത്.

ഫെബ്രുവരി പത്തൊമ്പതാം തീയ്യതി റഷ്യന്‍ യുദ്ധവിമാനങ്ങളുടെ സഹായത്തോടെ സിറിയന്‍ സേന തുടങ്ങി വച്ച യുദ്ധം ദിവസങ്ങള്‍ക്കുള്ളില്‍ നൂറ് കണക്കിനുപേരെ കൊല്ലുകയും ലക്ഷങ്ങളുടെ വീട് ഇല്ലാതാക്കുകയും ചെയ്തു. പ്രദേശത്തെ ആറോളം ആശുപത്രികളാണ് വ്യോമാക്രമണത്തില്‍ തകര്‍ന്നത്. ചികിൽസാ സഹായം പോലും ലഭിക്കാതെ വലയുകയാണ് പരുക്കേറ്റവര്‍. യുദ്ധകുറ്റം എന്നാണ് ഇതിനെ ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ വിശേഷിപ്പിച്ചത്.

ഫൊട്ടോ : എഎഫ്‌പി

വ്യോമാക്രമണത്തിന് പുറമേ പ്രദേശത്ത് സായുധ സേനയേയും വിന്യസിച്ചിട്ടുണ്ട്. മോര്‍ട്ടാര്‍ ഷെല്ലുകള്‍ ബാരല്‍ ബോംബ്‌, ക്ലസ്റ്റര്‍ ബോംബ്‌ എന്നിവയുപയോഗിച്ചാണ് യുദ്ധം നടക്കുന്നത് എന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൈവായുധമായി ക്ലോറിന്‍ ഗ്യാസിന്‍റെ ഉപയോഗം നടന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ആരോപണം നിഷേധിച്ചുകൊണ്ട് റഷ്യന്‍ വിദേശകാര്യ മന്ത്രി മുന്നോട്ട് വന്നിട്ടുണ്ട്. ‘കെട്ടുകഥകള്‍’ എന്നായിരുന്നു ഇത് സംബന്ധിച്ച് റഷ്യന്‍ മന്ത്രി സെര്‍ജെ ലാവ്റോയുടെ പ്രതികരണം.

വിമതര്‍ മനുഷ്യരെ കവചമായി ഉപയോഗിക്കുന്നത് കൊണ്ടാണ് മരണനിരക്ക് കൂടുന്നത് എന്നാണ് സിറിയന്‍ സര്‍ക്കാരിന്‍റെ പക്ഷം. ഭക്ഷണവും ചികിൽസയും ലഭിക്കാതെ വലയുന്ന ജനങ്ങള്‍ക്ക് പലായനവും സാധ്യമാകുന്നില്ല. ചൊവ്വാഴ്ച മുതല്‍ അഞ്ച് മണിക്കൂര്‍നേരം യുദ്ധം നിര്‍ത്തിവയ്ക്കുകയും നിശ്ചിത പാസുകള്‍ നല്‍കികൊണ്ട് ആളുകള്‍ക്ക് പാലായനത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്ന് റഷ്യ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook