സിറിയന്‍ നഗരമായ അലെപ്പോയില്‍ നടന്ന ബോംബ്‌ സ്ഫോടനത്തില്‍ മരണസംഖ്യ 112 കവിഞ്ഞു. അഭയാർത്ഥികളുമായി  അലെപ്പോയിലേയക്കു  പോകുകയായിരുന്ന ഏതാനും ബസ്സുകള്‍ നഗരത്തില്‍ പ്രവേശിക്കുന്ന വേളയില്‍ ആണ് ബോംബ്‌ സ്ഫോടനം നടന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നഗരാതിര്‍ത്തിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിൽ നിന്നാണ് ബോംബ്‌ സ്ഫോടനം ഉണ്ടായതെന്ന് മിലിറ്ററി മീഡിയ യൂണിറ്റ്  ഒരു റിപ്പോര്‍ട്ട്‌ പറയുന്നു. ഇന്ത്യന്‍ സമയപ്രകാരം ഇന്നലെ രാത്രിയായിരുന്നു സ്ഫോടനം നടന്നത്.

ഉത്തര സിറിയന്‍ നഗരമായ ഫുവായില്‍ നിന്നും കഫ്രായയില്‍ നിന്നും അഭയാര്‍ഥികളുമായി അലെപ്പോയിലേക്ക് വരുന്ന പന്തണ്ടോളം ബസ്സുകളാണ് സ്ഫോടനത്തില്‍ അകപ്പെട്ടത് എന്ന് ബ്രിട്ടന്‍ കേന്ദ്രീകരിച്ചുള്ള സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണകേന്ദ്രം പറയുന്നു.

ധാരാളംപേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട് എന്നും മരണസംഖ്യ ഇനിയും നൂറോളം ഉയരാന്‍ സാധ്യതയുണ്ട് എന്നും സിറിയന്‍ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
സര്‍ക്കാരും വിമതസംഘങ്ങളും തമ്മില്‍ ഏര്‍പ്പെട്ട ഉടമ്പടി പ്രകാരം വിമതരുടെ നിയന്ത്രണത്തിലുള്ള ഫുവാ, കഫ്രായ എന്നീ നഗരങ്ങളില്‍ നിന്നും റാഷിദിനിലേക്ക് തിരിച്ച പന്ത്രണ്ട് ബസ്സുകളാണ് സ്ഫോടനത്തില്‍ അകപ്പെട്ടത്.

ഫുവാ, കഫ്രായ എന്നീ നഗരങ്ങള്‍ രണ്ടുവര്‍ഷമായി വിമതരുടെ നിയന്ത്രണത്തിലായിരുന്നു. സര്‍ക്കാര്‍ അനുകൂല സേനയുടെ നിയന്ത്രണത്തില്‍ ഉള്ള മദയാ സബദാനി എന്നീ നഗരങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിനുപേരെ പുറത്തേക്ക് എത്തിക്കും എന്നായിരുന്നു ഉടമ്പടി. വിമതരും സര്‍ക്കാരും തമ്മിലുള്ള ഇത്തരം ഉടമ്പടികള്‍ ആറു വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ സര്‍വ്വസാദാരണമാണ്.

ഇന്നലെ നടന്ന അക്രമം ‘ഭീകരവാദികള്‍’ ആസൂത്രണം ചെയ്തത് ആണെന്നാണ് സിറിയന്‍ സര്‍ക്കാരിന്‍റെ പക്ഷം.അലെപ്പോ നഗരത്തിന്‍റെ പ്രാന്തപ്രദേശമായ റഷീദിനില്‍ ആണ് സ്ഫോടനം നടന്നത്. യുദ്ധം ദുരിതം വിതച്ച രണ്ടു ഗ്രാമങ്ങളില്‍ നിന്നുമുള്ള അഭയാര്‍ഥികളായിരുന്നു ബോംബ്‌ സ്ഫോടനത്തില്‍ അകപ്പെട്ട ബസ്സുകളില്‍ അധികവും.

ബസ്സുകള്‍ വെള്ളിയാഴ്ച രാത്രിമുതല്‍ നഗരത്തിലേക്ക് പ്രവേശിക്കാന്‍ കാത്തുകെട്ടി നില്‍ക്കുകയായിരുന്നു എന്നു നിരീക്ഷണ കേന്ദ്രവും സ്ഥിതീകരിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook