ന്യൂഡല്‍ഹി: 2030-ഓടെ രാജ്യത്ത് പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ നീക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പരമ്പരാഗത ഇന്ധനങ്ങളിലോടുന്ന വാഹന നിര്‍മ്മാതാക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. പരിസ്ഥിതി മലിനീകരണം കൂടുതലുളള പെട്രോള്‍-ഡിസല്‍ വാഹനത്തില്‍ നിന്നും മറ്റ് ബദല്‍മാര്‍ഗങ്ങളിലേക്ക് നീങ്ങണമെന്ന് അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. ഇല്ലെങ്കില്‍ ഇത്തരം വാഹനങ്ങള്‍ ഇടിച്ചു നിരപ്പാക്കാനും മടി കാണിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ദ്ധിച്ച് വരുന്ന ഇന്ധന ഇറക്കുമതിയും അന്തരീക്ഷ മലിനീകരണവും കുറക്കാനാണ് വൈദ്യുത വാഹനങ്ങളിലേക്ക് ചുവടുമാറാന്‍ നിര്‍ദേശിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. “നമ്മള്‍ ബദല്‍ ഇന്ധന മാര്‍ഗത്തിലേക്ക് മാറണം. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതിലേക്ക് മാറും. ഇറക്കുമതിയും അന്തരീക്ഷ മലിനീകരണവും കുറക്കാന്‍ കേന്ദ്രത്തിന് വ്യക്തമായ പദ്ധതി മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഡീസല്‍-പെട്രോള്‍ വാഹനങ്ങള്‍ കൂടുതല്‍ ഉത്പാദിപ്പിച്ച് ഉണ്ടെന്നും അവ എന്ത് ചെയ്യണമെന്നും ചോദിച്ച് കേന്ദ്രത്തെ സമീപിച്ചേക്കരുത്. ഇലക്ട്രിക് കാറുകള്‍ ചാര്‍ജ് ചെയ്യുന്നതിനായി പെട്രോള്‍ പമ്പുകള്‍ക്ക് സമാനമായി നിശ്ചിതദൂരം ഇടവിട്ട് ഇലക്ട്രിക് സ്‌റ്റേഷന്‍ ആവശ്യമാണ്. ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുടങ്ങാനുളള പദ്ധതിക​ളെ കുറിച്ച് ആലോചിച്ച് തുടങ്ങി. കഴിയുന്നത്രയും നേഗത്തില്‍ പദ്ധതി നടപ്പിലാക്കും. നേരത്തേ ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച് സംസാരിച്ചപ്പോള്‍ ബാറ്ററിയുടെ വില കൂടുതലാണെന്നാണ് നിങ്ങള്‍ (കാര്‍ നിര്‍മ്മാതാക്കള്‍) പറഞ്ഞത്. ഇപ്പോള്‍ 40 ശതമാനം വിലക്കുറവാണ് ബാറ്ററിക്കുളളത്. ഇപ്പോള്‍ ഉത്പാദനം തുടങ്ങിയാല്‍ കുറഞ്ഞ ചെലവില്‍ കാറുകള്‍ നിര്‍മ്മിക്കാം”, അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ