ന്യൂഡൽഹി: ആഗ്രയ്ക്ക് അടുത്തുളള ഫത്തേഹ്പൂർ സിക്രിയിൽ സ്വിസ് ദമ്പതികൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി ഉത്തർപ്രദേശ് സർക്കാരിൽനിന്നും റിപ്പോർട്ട് തേടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം സ്വിസ് ദമ്പതികളെ ഉടൻ സന്ദർശിക്കുമെന്നും സുഷമ ട്വിറ്ററിലൂടെ അറിയിച്ചു.

ഞായറാഴ്ചയാണ് ഒരു സംഘം പേർ ചേർന്ന് സ്വിസ് ദമ്പതികള ആക്രമിച്ചത്. ആയുധങ്ങളും വടിയും കല്ലും ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ സ്വിസ് യുവാവിന്റെ തലയ്ക്കും എല്ലിനും സാരമായി പരുക്കേറ്റു. യുവതിയുടെ എല്ലുകളും പൊട്ടിയിട്ടുണ്ട്. ആക്രമിക്കുന്നതിനു മുൻപ് ആക്രമിച്ച സംഘം ദമ്പതികളെ ശല്യം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

നിലവിൽ ഡൽഹിയിലെ ആശുപത്രിയിൽ ചികിൽസയിലാണ് സ്വിസ് ദമ്പതികൾ. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ