scorecardresearch
Latest News

സ്വിസ് ബാങ്ക് അക്കൗണ്ട്: ഇന്ത്യക്കാരുടെ വിവരങ്ങൾ കൈമാറും

രണ്ട് സ്വിസ് ഏജൻസികളുടെ കണക്കനുസരിച്ച്, ഈ വർഷം ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്ന 73 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു

swiss bank, ie malayalam

ന്യൂഡൽഹി: ഇന്ത്യയും സ്വിറ്റ്സർലൻഡും തമ്മിലുളള ബാങ്ക് വിവരങ്ങളുടെ ആദ്യ കൈമാറ്റം സെപ്റ്റംബർ 30 നു മുൻപായി തന്നെ നൽകാൻ വഴിയൊരുങ്ങുന്നു. ഇരുരാജ്യങ്ങളും ഒപ്പുവച്ച ഓട്ടോമാറ്റിക് എക്‌സ്‌ചേഞ്ച് ഓഫ് ഇൻഫർമേഷൻ (AEOI) കരാർ പ്രകാരമാണ് വിവരങ്ങൾ കൈമാറുന്നത്.

ബെർണിലിലെ സ്വിസ് ധനമന്ത്രാലയത്തിലെയും സ്വിസ് ഫെഡറൽ ടാക്സ് അഡ്മിനിസ്ട്രേഷനിലെയും ഉദ്യോഗസ്ഥരുമായി ദി ഇന്ത്യൻ എക്സ്‌പ്രസ് കത്തിലൂടെ ബന്ധപ്പെട്ടിരുന്നു. ഇതിന് പലവിധ നടപടി ക്രമങ്ങൾ ആവശ്യമുണ്ട്. ഇന്ത്യയുടെ കാര്യത്തിൽ 2018 ന്റെ തുടക്കത്തിൽ തന്നെ സ്വിറ്റ്സർലൻഡിൽ ബാങ്ക് അക്കൗണ്ടുകളുള്ള എല്ലാ ഇന്ത്യക്കാരുടെയും വിവരങ്ങൾ ഇന്ത്യൻ നികുതി അധികാരികളുമായി കൈമാറുന്നതിനുവേണ്ട നടപടികൾ തുടങ്ങിയെന്ന് ഫെഡറൽ ടാക്സ് ഓഫീസ് അറിയിച്ചു.

രണ്ട് സ്വിസ് ഏജൻസികളുടെ കണക്കനുസരിച്ച്, ഈ വർഷം ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്ന 73 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു – കഴിഞ്ഞ വർഷം 36 രാജ്യങ്ങളുമായി എഇഒഐ വിവരങ്ങൾ കൈമാറി. ബാങ്കിങ് വിവരങ്ങൾ കൈമാറുന്നതിന് മുമ്പ് നടപ്പാക്കേണ്ട നിയമനിർമാണ, പാർലമെന്ററി നടപടിക്രമങ്ങൾ അവസാനിച്ചുവെന്ന് സ്വിസ് അധികൃതർ സ്ഥിരീകരിച്ചു. ഇത് ബാങ്കിങ് വിശദാംശങ്ങൾ കൈമാറാൻ വഴിയൊരുക്കി.

നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇന്ത്യയ്ക്ക് കൈമാറാനുളള വക്കിലാണെന്ന് സ്വിസ് ഫിനാൻസ് ഓഫീസ് വക്താവ് പറഞ്ഞു. ഇന്ത്യയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലായിരിക്കും വരാൻ പോകുന്ന ഈ കൈമാറ്റമെന്നാണ് അദ്ദേഹം പറഞ്ഞത്.

എഇഒഐ പ്രകാരം ലഭിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സ്വീകരിക്കാനുളള എല്ലാം ഒരുക്കങ്ങളും സജ്ജമായതായി ന്യൂഡൽഹിയിലെ ഫോറിൻ ടാക്സേഷൻ ആൻഡ് ടാക്സ് റിസർച്ചിലെ (FT&TR) ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. വിവരങ്ങൾ ലഭിച്ചതിനുശേഷം, സ്വിസ് അക്കൗണ്ട് വിവരങ്ങൾ അക്കൗണ്ട് ഉടമകളുടെ ടാക്സ് റിട്ടേണുകളുമായി താരതമ്യപ്പെടുത്തുകയും ആവശ്യമുണ്ടെങ്കിൽ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

സ്വിറ്റ്സർലൻഡിൽ എഇഒഐ സംവിധാനത്തിലൂടെ വിവരങ്ങൾ പുതിയൊരു പാർട്ണർക്ക് കൈമാറണമെങ്കിൽ സ്വിസ് പാർലമെന്റിന്റെ അനുമതി വേണമെന്ന് ഫെഡറൽ ടാക്സ് അഡ്മിനിസ്ട്രേഷൻ പറഞ്ഞു. ”ഇതിന് നിയമപരമായ അംഗീകാര നടപടിക്രമങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, 2016 നവംബറിലാണ് നടപടിക്രമങ്ങൾ ആരംഭിച്ചത്. 2017 ഡിസംബറിൽ വിജയകരമായി പൂർത്തിയാക്കി. അതിനാൽ എഇഒഐ 2018 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.”

”ഇതിനു പുറമേ, ധനകാര്യ അക്കൗണ്ട് വിവരം കൈമാറ്റം ചെയ്യുന്നതിന് മുമ്പ് പങ്കാളി രാജ്യങ്ങൾ സ്റ്റാൻഡേർഡ്-കംപ്ലയിന്റ് രീതിയിൽ എഇഒഐ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്ന ഒരു നിയന്ത്രണ സംവിധാനവും സ്വിസ് പാർലമെന്റ് സ്വീകരിച്ചിട്ടുണ്ട്. ഇതിനായി മൂല്യനിർണയ ഫലങ്ങളുടെ റിപ്പോർട്ടിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ട് സമർത്ഥമായ പാർലമെന്ററി കമ്മിറ്റികളുടെ കൂടിയാലോചനയ്ക്കായി സമർപ്പിക്കും. ഇന്ത്യയുടെ കാര്യത്തിൽ ഒരു ബുദ്ധിമുട്ടും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല,” ഫെഡറൽ ടാക്സ് അഡ്മിനിസ്ട്രേഷൻ പറഞ്ഞു.

എഇഒഐ നടപടികൾ സെപ്റ്റംബറിൽ തുടങ്ങും. ഇതൊരു വർഷം നീളുന്ന നടപടിയായിരിക്കും. ഒരേ കാലയളവിൽ തന്നെ ഇന്ത്യ തങ്ങൾക്കു കൈമാറുന്ന ബാങ്കിങ് വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും സ്വിസ് അധികൃതർ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Swiss banks accounts indian details to be transferred through automatic exchange of information