ബെംഗളൂരു: ക​ർ​ണാ​ട​ക​യി​ൽ ബി.​എ​സ്.​യെ​ഡി​യൂ​ര​പ്പ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തിന്റെ പശ്ചാത്തലത്തില്‍ രാജ്ഭവനില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞ നടക്കുന്നത്. നേരത്തേ മറ്റ് എംഎല്‍എമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്യട്ടേയെന്നായിരുന്നു തീരുമാനമെങ്കിലും പിന്നീട് ഇത് മാറ്റി. രാജ്ഭവന് പറത്ത് വാദ്യഘോഷങ്ങളുമായി ബിജെപി പ്രവര്‍ത്തകരും ആഹ്ലാദം പങ്കുവച്ചു.

എന്നാല്‍ സത്യപ്രതിജ്ഞ തടയാതിരുന്ന കോടതി നടപിക്കെതിരെ രാജ്ഭവന് പുറത്ത് കോൺഗ്രസും ജെഡിഎസും പ്രതിഷേധം നടത്തിയേക്കും. ഇതുകൊണ്ട് തന്നെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 16,000ലേറെ പൊലീസുകാരെയാണ് സുരക്ഷയ്ക്കായി സംസ്ഥാന തലസ്ഥാനത്തും രാജ്ഭവന് പുറത്തുമായി നിയോഗിച്ചിട്ടുള്ളത്.

രാവിലെ ഒൻപതിനാണ് യെഡിയൂരപ്പ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. അതേസമയം ഇപ്പോൾ യെഡിയൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്യുക. കേവലം 20 മിനിറ്റ് മാത്രം ദൈർഘ്യമുള്ള സത്യപ്രതിജ്ഞ ചടങ്ങാണ് സംഘടിപ്പിച്ചിരിക്കുന്നത്. വന്‍ ആഘോഷത്തോടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താറുളള ബിജെപി ഇത്തവണ വളരെ ലളിതമായാണ് നടത്തുന്നത്. കൂടാതെ എന്നും വിജയാഹ്ലാദം പങ്കുവയ്ക്കാറുളള യെഡിയൂരപ്പയും ഒന്നും മിണ്ടാതെയാണ് രാജ്ഭവനിലേക്ക് പുറപ്പെട്ടത്.

നാളെ സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ വിധി ബിജെപിക്ക് എതിരാകുമെന്ന് പാര്‍ട്ടി ഭയക്കുന്നുണ്ട്. യെഡിയൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഹാജരാക്കണമെന്ന് കോടതി അറിയിച്ച സാഹചര്യത്തില്‍ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ബിജെപി ഇതിലൂടെ തെളിയിക്കേണ്ടി വരും. കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എാരെ രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയതും ബിജെപിയുടെ ഇടപെടല്‍ ഭയന്നാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ