റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ ദി പ്രൈസ് ഫോര്‍ കറേജ് പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇന്ത്യക്കാരിയായ സ്വാതി ചതുര്‍വേദിയും. പന്ത്രണ്ട് രാജ്യങ്ങളിൽ നിന്നുള്ളവരുടെ പട്ടികയിലാണ് സ്വാതി ചതുര്‍വേദി ഇടം നേടിയത്. ‘ഐ ആം എ ട്രോള്‍; ഇന്‍സൈഡ് ദി സീക്രട്ട് വേള്‍ഡ് ഓഫ് ദി ബിജെപീസ് ഡിജിറ്റല്‍ ആര്‍മി’ എന്ന പുസ്തകത്തിന്റെ രചയിതാവാണ് സ്വാതി. റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പുറത്തിറക്കിയ പ്രസ് റിലീസിലാണ് ഇക്കാര്യം പറയുന്നത്.

പ്രിന്റ്, ടെലിവിഷന്‍ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുള്ള സ്വാതി ചതുര്‍വേദി നിരവധി തവണ ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. മാധ്യമപ്രവര്‍ത്തക എന്ന തലത്തില്‍ നിന്നുകൊണ്ടുതന്നെയാണ് സ്വാതി ഈ ആക്രമണങ്ങളെ നേരിട്ടത്. വിദ്വേഷം വിതയ്ക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ ട്രോളുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ‘ഐടി സെല്ലി’ല്ലേക്കുള്ള അന്വേഷണമാണ് സ്വാതിയെ ഈ പുസ്തകത്തില്‍ ചെന്നെത്തിച്ചത്.

കൊലപാതക ഭീഷണിയും ബലാത്സംഗ ഭീഷണിയും മുഴക്കുന്ന ഈ ട്രോളുകള്‍ക്കു പുറകില്‍ ആരാണ്, എന്താണ് അവര്‍ ചെയ്യുന്നത്, എന്തുകൊണ്ടാണ് അവര്‍ ഇങ്ങനെ ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളുടെ അന്വേഷണത്തിന്റെ ഫലമാണ് ഈ പുസ്തകം. രാഷ്ട്രീയ നേതാക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ട്രോള്‍ മേക്കേഴ്‌സ് തുടങ്ങി നിരവധി പേരുടെ അഭിമുഖങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പുസ്തകം പുറത്തുവന്നതിനു ശേഷം സ്വാതിക്കുനേരെയുളള ആക്രമണങ്ങളും വര്‍ദ്ധിച്ചു. ഇന്ത്യൻ എക്സ്പ്രസ്സ് അടക്കം വിവിധ മാധ്യമങ്ങളിൽ സ്വാതി പ്രവർത്തിച്ചിട്ടുണ്ട്.

നവംബര്‍ എട്ടിന് ലണ്ടനില്‍ വച്ചായിരിക്കും പുരസ്‌കാരം പ്രഖ്യാപിക്കുക. ആഗോള തലത്തിലുള്ള മാധ്യമ പ്രവര്‍ത്തകര്‍, മാധ്യമ സ്ഥാപനങ്ങള്‍, സ്വയം സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ക്കാണ് ധീരതയ്ക്കുള്ള പുരസ്‌കാരങ്ങള്‍ നല്‍കുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ