/indian-express-malayalam/media/media_files/2025/12/04/swaraj-kaushal-2025-12-04-19-36-32.jpg)
സ്വരാജ് കൗശൽ
ഡൽഹി: മിസോറാം മുൻ ഗവർണറും അഭിഭാഷകനുമായ സ്വരാജ് കൗശൽ അന്തരിച്ചു. ബൻസുരി സ്വരാജ് എംപിയുടെ പിതാവും മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഭർത്താവുമാണ് സ്വരാജ് കൗശൽ. 73-ാം വയസിലാണ് അന്ത്യം. വ്യാഴാഴ്ച ഉച്ചയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വരാജ് കൗശലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെവച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു എന്നാണ് വിവരം.
1990-ൽ മിസോറാം ഗവർണറായി നിയമിതനായ സ്വരാജ് കൗശൽ ഗവർണർ സ്ഥാനത്ത് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു. 37-ാം വയസിലായിരുന്നു സ്വരാജ് കൗശലിനെ മിസോറാം ഗവർണറായി നിയമിച്ചത്. 1993 വരെ സ്ഥാനത്ത് തുടർന്നു. സോഷ്യലിസ്റ്റായിരുന്ന കൗശൽ തന്റെ 34-ാം വയസിലായിരുന്നു സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകനായി നിയമിതനായത്.
1987 ൽ അഡ്വക്കേറ്റ് ജനറലായ അദ്ദേഹം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായിരുന്നു. 1998 നും 2004 നും ഇടയിൽ ഹരിയാന വികാസ് പാർടിയുടെ നേതാവും പാർലമെന്റ് അംഗവുമായിരുന്നു. 1998-99 ലും 2000-2004 ലും രാജ്യസഭാംഗമായിരുന്നു.
1952-ൽ ഹിമാചൽ പ്രദേശിലെ സോളനിൽ ജനിച്ച സ്വരാജ് കൗശൽ, ചണ്ഡീഗഡിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ചണ്ഡീഗഡിലെ പഞ്ചാബ് സർവകലാശാലയിൽ നിന്ന് നിയമ പഠനം പൂർത്തിയാക്കി. 1975 ലായിരുന്നു സുഷമ സ്വരാജിനെ വിവാഹം കഴിച്ചത്.
Also Read: ഭീമ കൊറേഗാവ്-എല്‍ഗാര്‍ പരിഷത്ത് കേസ്; അഞ്ച് വർഷങ്ങള്‍ക്ക് ശേഷം ഡോ. ഹാനി ബാബുവിന് ജാമ്യം
സ്വരാജ് കൗശലിന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. "വളരെയധികം വേദന തോന്നിയ വാർത്തയാണിത്. പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനത്തിനായി നിയമവൃത്തി ഉപയോഗിക്കുന്നതിൽ പ്രതിജ്ഞാബദ്ധനായ ഒരു അഭിഭാഷകനെന്ന നിലയിൽ കൗശൽ സ്വയം വ്യത്യസ്തത പുലർത്തിയിരുന്നു."
"ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവർണറായി അദ്ദേഹം മാറി. ഗവർണർ പദവിയിൽ മിസോറാമിലെ ജനങ്ങളിൽ മായാത്ത മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനായി. പാർലമെന്റേറിയൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകളും ശ്രദ്ധേയമായിരുന്നു. ഈ ദുഃഖകരമായ സമയത്ത് എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ മകൾ ബൻസുരിക്കും കുടുംബാംഗങ്ങൾക്കും ഒപ്പമാണ്", എക്സിൽ പങ്കുവച്ച പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us