മുംബൈ: അഭിനയം കൊണ്ടു മാത്രമല്ല, നിലപാടുകളുടെയും അഭിപ്രായങ്ങളുടെയും പേരില്‍ ബോളിവുഡിലെ വേറിട്ട സ്വരമാണ് സ്വര ഭാസ്കര്‍. സിനിമാ മേഖലയിൽ ലൈംഗികമായി അതിക്രമിക്കപ്പെട്ടതിനെക്കുറിച്ച് അടുത്തിടെ പല നടിമാരും വെളിപ്പെടുത്തിയിരുന്നു. ഹോളിവുഡില്‍ നിന്നും തുടക്കമിട്ട #മീ ടൂ ക്യാംപെയിനില്‍ സ്വര ഭാസ്കറും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.
സിനിമകളില്‍ വേഷം കിട്ടാന്‍ കിടക്ക പങ്കിടാന്‍ പലരും വിളിച്ചിട്ടുണ്ടെന്നും അതുവകവച്ചു കൊടുക്കാതായതോടെ പല വേഷങ്ങളും നഷ്ടമായെന്നും തുറന്നു പറഞ്ഞയാളാണ് സ്വര. കുറച്ച് ആളുകള്‍ നിർദേശം നല്കുന്നു, മറ്റുചിലര്‍ അടിമകളെപ്പോലെ അത് അനുസരിക്കുന്നു. ഇത്തരം സാഹചര്യങ്ങളാണ് പിന്നീട് ലൈംഗിക അതിക്രമത്തിലേക്കും ഇരകളെ നിശബ്ദരായി ഇരുത്താനും വഴിവയ്ക്കുന്നതെന്നാണ് സ്വര പറഞ്ഞത്. സ്വരയുടെ തുറന്നുപറച്ചിലില്‍ നിന്ന് പ്രചോദനം ലഭിച്ച പലരും ഇത്തരത്തില്‍ വിവരങ്ങള്‍ പുറത്തറിയിച്ചു. എന്നാല്‍ ഇതിനെ പരിഹസിച്ചും അധിക്ഷേപിച്ചും രംഗത്തെത്തിയ ബിജെപി അനുഭാവിയും സംവിധായകനുമായ വിവേക് അഗ്നിഹോത്രിക്ക് കനത്ത തിരിച്ചടി കൊടുത്തിരിക്കുകയാണ് സ്വര.
കേരളത്തില്‍ കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുടെ പശ്ചാത്തലത്തില്‍ ട്വീറ്റ് ചെയ്ത സ്വരയെ അപമാനിക്കാനായിരുന്നു അഗ്നിഹോത്രിയുടെ ശ്രമം. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അധിക്ഷേപവാക്കുമായി രംഗത്തെത്തിയ പി.സി.ജോര്‍ജ് എംഎല്‍എയെ വിമര്‍ശിച്ചായിരുന്നു സ്വര ഇന്നലെ ട്വീറ്റ് ചെയ്തത്. ‘ലജ്ജാകരവും അരോചകവും ആണ് എംഎല്‍എയുടെ വാക്കുകള്‍. രാജ്യത്ത് രാഷ്ട്രീയത്തിലും മതദ്രുവീകരണത്തിലും മാലിന്യം നിറയുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ ഓക്കാനമുണ്ടാക്കുന്നു’, ഇതായിരുന്നു സ്വരയുടെ ട്വീറ്റ്.
എന്നാല്‍ സ്വരയുടെ വാക്കുകളെ ആക്ഷേപിച്ചും അപമാനിക്കാന്‍ ശ്രമിച്ചും അഗ്നിഹോത്രി രംഗത്തെത്തി. ‘മീ ടൂ പ്രോസ്റ്റിറ്റ്യൂട്ട് നണ് എന്ന പ്ലക്കാര്‍ഡ് എവിടെ’, എന്നായിരുന്നു ഇയാള്‍ ചോദിച്ചത്. പീഡന ഇരയ്ക്ക് പിന്തുണയുമായെത്തിയ സ്വരയെ അധിക്ഷേപിക്കാന്‍ ശ്രമിച്ച അഗ്നിഹോത്രിക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം കനത്തു. ഷെഹ്ല റാഷിദ് അടക്കമുളളവര്‍ ഇയാളെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. പലരും ഇദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെ ട്വിറ്റര്‍ ഇടപെട്ട് ഇയാളുടെ അക്കൗണ്ട് പിടിച്ചെടുത്തു.
Thank you @TwitterIndia @TwitterSupport 4 taking cognisance of @vivekagnihotri ‘s abusive tweet. And making him delete it! No tolerance 4 cyber bullying & abuse of women on public platforms! (Or private – but one thing at a time) Thank u #SayNoToBullying pic.twitter.com/psYyVil7EI
— Swara Bhasker (@ReallySwara) September 10, 2018
2009 മുതല്‍ ബോളിവുഡ് സിനിമയില്‍ താരമായ സ്വര ഗുസാരിഷ് മുതലാണ് ശ്രദ്ധേയ നടിയായത്. തനു വെഡ്സ് മനു, ചില്ലര്‍ പാര്‍ട്ടി, ഈ വര്‍ഷം പുറത്തിറങ്ങിയ അനാര്‍ക്കലി ഓഫ് ആവാര തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിയിച്ചിട്ടുണ്ട്.