/indian-express-malayalam/media/media_files/uploads/2018/01/babies.jpg)
ആസാമിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ 2015 മാര്‍ച്ചില്‍ ഒരേസമയം പ്രസവിച്ച രണ്ടു സ്ത്രീകളുടെ ആണ്കുഞ്ഞുങ്ങള്‍ പരസ്പരം മാറിപ്പോയ സംഭവത്തിനു പുതിയൊരു വഴിത്തിരിവ് ഉണ്ടായിരിക്കുന്നു. ഇരു ദമ്പതികളും തമ്മില്‍ തിരിച്ചറിയുകയും എന്നാല്‍, കുഞ്ഞുങ്ങളെ കൈമാറേണ്ടെന്നു തീരുമാനിക്കുകയും ചെയ്തിരിക്കുന്നു ഇപ്പോള്‍. വരുന്ന രണ്ടാഴ്ചക്കകം ഇത് സംബന്ധിച്ച നിയമനടപടികള്‍ പൂര്‍ത്തിയാവുകയും ചെയ്യും. മംഗള്‍ദോയിയിലെ ബേസ്പാറ ഗ്രാമത്തില്‍ കര്‍ഷകനായ അനില്‍ ബോറോയുടെ ഭാര്യ സെവാലി ബോറോയും ശ്യാംപൂര്‍ സിയാല്‍മാരിയില്‍ ഹൈസ്കൂള്‍ അധ്യാപകനായ സഹാബുദ്ദീന്‍ അഹമ്മദിന്റെ ഭാര്യ സലീമ പര്‍ബീനും 2015 മാര്‍ച്ച് 11 നാണ് മംഗള്‍ദോയി സിവില്‍ ആശുപത്രിയില്‍ ഓരോ ആണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചത്.
ആദ്യദിവസങ്ങളില്‍ തന്നെ ഈ കുഞ്ഞുങ്ങള്‍ തങ്ങളുടേതല്ലെന്ന് ഇരു വീട്ടുകാരും സംശയിച്ചു തുടങ്ങിയെങ്കിലും രണ്ടു ദമ്പതിമാരുടെയും കുഞ്ഞുങ്ങളുടെയും ഡി.എന്‍.എ. ടെസ്റ്റുകള്‍ വഴി ഈ വസ്തുത സ്ഥാപിക്കാന്‍ രണ്ടുവര്‍ഷവും ഒന്‍പതു മാസവുമെടുത്തു.
“പ്രസവം കഴിഞ്ഞ് ഒരാഴ്ച്ചക്കകം തന്നെ എന്റെ ഭാര്യ ഈ സംശയം പ്രകടിപ്പിച്ചിരുന്നു. കുഞ്ഞിന്റെ കണ്ണുകള്‍ ‘ട്രൈബല്‍’ പ്രത്യേകത ഉള്ളതാണെന്ന് അവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ അത് ഗൗരവമായി എടുത്തില്ല. വീണ്ടും വീണ്ടും അവള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ ആശുപത്രിയില്‍ ചെന്ന് അന്വേഷിച്ചു. എന്റെ ഭാര്യക്ക് മാനസിക പ്രശ്നമായിരിക്കുമെന്നും അവളെ ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കണമെന്നും അവര്‍ പറഞ്ഞു”, അഹമ്മദ് പറയുന്നു. അതിനുശേഷം ഒരു ആര്‍.ടി.ഐ. വഴി അന്നേ ദിവസം രാവിലെ ആ ആശുപത്രിയില്‍ പ്രസവിച്ച എല്ലാ സ്ത്രീകളുടെയും വിവരങ്ങള്‍ അഹമ്മദ് ശേഖരിച്ചു. അക്കൂട്ടത്തില്‍ ഒരു ബോഡോ വിഭാഗത്തില്‍പെട്ട സ്ത്രീയുടെ പേരും വിലാസവും കണ്ട അയാള്‍ അവരുടെ ഗ്രാമത്തിലേക്ക് പോയി. “ബേസ്പാറ ഗ്രാമം ഞങ്ങളുടെ നാട്ടില്‍ നിന്നും 24 കി. മീ. ദൂരെയാണ്. അവിടെ എത്തിയപ്പോള്‍ എനിക്ക് ആ കുടുംബത്തെ പോയിക്കാണാനുള്ള ധൈര്യം ലഭിച്ചില്ല. അന്ന് തന്നെ ഞാന്‍ ആ സ്ത്രീയുടെ ഭര്‍ത്താവായ അനില്‍ ബോറോയ്ക്ക് ഒരു കത്തെഴുതുകയും എന്നെ തിരിച്ചു വിളിച്ച ബോറോ കുട്ടികള്‍ മാറിപ്പോയിരിക്കാം എന്നതിനെ നിരാകരിക്കുകയും ചെയ്തു. അയാള്‍ ഞങ്ങളെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. പിറ്റേന്ന് ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ തന്നെ, രണ്ടു വീട്ടുകാര്‍ക്കും കുഞ്ഞുങ്ങള്‍ മാറിപ്പോയെന്നു മനസ്സിലായി”, അഹമ്മദ് കൂട്ടിച്ചേര്‍ക്കുന്നു. ഇരു ദമ്പതിമാരും കുഞ്ഞുങ്ങളെ കൈമാറാമെന്നു തീരുമാനിച്ചെങ്കിലും ബോറോയുടെ അമ്മ അതിനു വിസമ്മതിച്ചു. ഗ്രാമ കമ്മിറ്റിയില്‍ ഔദ്യോഗികമായി അറിയിക്കണമെന്ന് ചിലര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നു അവര്‍ കമ്മിറ്റിക്ക് കത്തെഴുതുകയും കമ്മിറ്റി മീറ്റിംഗ് വിളിച്ചുകൂട്ടുകയും ചെയ്തു. അവിടെയും കുഞ്ഞുങ്ങളെ കൈമാറണം എന്ന തീരുമാനം തന്നെയാണ് ഉണ്ടായത്. എന്നാല്‍ അതിനു ചില നിയമ നടപടികള്‍ ഉണ്ടെന്നു ഗ്രാമത്തലവന്‍ പറഞ്ഞു.
പിന്നീട് ഇത് സംബന്ധിച്ച പരാതി അഹ്മദ് മംഗള്‍ദോയി സിവില്‍ ആശുപത്രി സൂപ്രണ്ടിന് നല്‍കുകയും അദ്ദേഹം 2015 ജൂണില്‍ ഒരു അന്വേഷണ ബോര്‍ഡിനെ നിയമിക്കുകയും ചെയ്തു. ഈ ബോര്‍ഡ് അഹമ്മദിന്റെ പരാതി നാല് മാസത്തിനു ശേഷം തള്ളിക്കളഞ്ഞു. പിന്നീട് ഹൈദരാബാദിലെ ഒരു ലാബില്‍ അഹമ്മദ് തന്റെയും തന്റെ ഭാര്യയുടെയും ഉം ഡി.എന്‍.എ. പരിശോധന നടത്തുകയും അതില്‍ അവരും അവരുടെ കൂടെ വളരുന്ന കുഞ്ഞും തമ്മില്‍ യാതൊരു ജൈവ ബന്ധവും ഇല്ലെന്നു തെളിയുകയും ചെയ്തു.
/indian-express-malayalam/media/media_files/uploads/2018/01/kids.jpg)
“ഈ റിപ്പോര്‍ട്ടുമായി ഞാന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ അതിന് നിയമ സാധുതയില്ലെന്ന് സൂപ്രണ്ട് പറഞ്ഞു. പിന്നെ ഞാന്‍ ഹൈക്കോടതിയില്‍ പോയെങ്കിലും ഇത്തരമൊരു കേസിന് 8-10 വർഷം കഴിയാതെ തീര്‍പ്പാകില്ലെന്നു വക്കീലന്മാര്‍ പറഞ്ഞു. ഒരു വന്‍ തുക ആദ്യമേ ഫീസ്സായി നല്‍കണമെന്ന് വരെ ഒരു വക്കീല്‍ ആവശ്യപ്പെട്ടു. പിന്നീട് പോലിസിനെ സമീപിച്ചപ്പോള്‍ ഞങ്ങളുടെ ഭാഗ്യത്തിന് ഡി.വൈ.എസ്.പി. ഹേമന്ത ബറുവ ഇക്കാര്യത്തില്‍ താൽപര്യമെടുക്കുകയും ഉടന്‍ എഫ്.ഐ.ആര്‍. രെജിസ്റ്റര്‍ ചെയ്യുകയും ചെയ്തു”. ഇതെല്ലാം 2015 ഡിസംബറില്‍ ആയിരുന്നു എന്ന് അഹമദ് ഓര്‍ക്കുന്നു.
രണ്ടു കുട്ടികളുടെയും മാതാപിതാക്കളുടെയും ഡി.എന്‍.എ. ടെസ്റ്റ് വിവരങ്ങളെല്ലാം ഫയലിലാക്കി വന്നപ്പോഴേക്കും 2017 ഏപ്രില്‍ ആയിരുന്നു. റിപ്പോര്‍ട്ട് പുറത്തു വന്നത് 2017 നവംബറില്‍ ആയിരുന്നു. “പിറന്ന ഉടനെ തന്നെ കുട്ടികള്‍ തമ്മില്‍ മാറിപ്പോയിരുന്നു എന്ന് തെളിഞ്ഞതായി ഡി.വൈ.എസ്.പി. ഞങ്ങളെ അറിയിച്ചു. ആശുപത്രിക്കെതിരെ ജില്ലാകോടതിയില്‍ ഒരു കേസ് കൊടുക്കണമെന്ന് അദ്ദേഹം എന്നെ ഉപദേശിച്ചു. അങ്ങനെ ഈ മാസം നാലിന് ഹാജരാവാന്‍ കോടതി നിർദേശിച്ചു.”.
എന്നാല്‍ ദമ്പതികള്‍ കോടതിയില്‍ എത്തി കുട്ടികളെ കൈമാറാന്‍ തുനിഞ്ഞപ്പോള്‍ ഇരു കുഞ്ഞുങ്ങളും തങ്ങളെ വളര്‍ത്തിയ അമ്മമാരുടെ കയ്യില്‍ നിന്നും പോവാന്‍ വിസമ്മതിച്ചു. “അവര്‍ അമ്മമാരെ ചേര്‍ത്ത് പിടിച്ചു. ഇത് കണ്ടപ്പോള്‍ അവരെ കൈമാറേണ്ടെന്നും ഇത് വരെ വളര്‍ന്ന പോലെ ഇനിയും അവരെ വളര്‍ത്താമെന്നും ഞങ്ങള്‍ തീരുമാനിച്ചു”, അഹമ്മദ്പറഞ്ഞു. ഈ തീരുമാനം സംബന്ധിച്ച സത്യവാങ്മൂലം ഫയല്‍ ചെയ്യണമെന്നും ഇനി ഈ മാസം 24 ന് കോടതിയില്‍ എത്തണമെന്നും കോടതി നിര്‍ദേശിച്ചു.
തന്റെ ഭാര്യയുടെ കയ്യില്‍ വളരുന്ന കുട്ടി ട്രൈബല്‍ അല്ല എന്ന് തനിക്കും തോന്നിയിരുന്നു എന്ന് അനില്‍ ബോറോയും പറയുന്നു. എന്നാല്‍ തന്റെ സംശയം മറ്റാരോടും പങ്കുവെച്ചില്ലെന്നും അഹമ്മദിന്റെ കത്തുകിട്ടിയപ്പോള്‍ മാത്രമാണ് അത് ഗൗരവപൂര്‍വ്വം പരിഗണിച്ചതെന്നും അയാള്‍ പറഞ്ഞു.
Read More: "സന്തോഷത്തോടെ മരിക്കാൻ അനുമതി തരണം" പ്രസിഡന്റിനോട് വൃദ്ധ ദമ്പതികൾ
പിന്നീട് അഹമ്മദും കുടുംബവും വീട്ടില്‍ വന്നപ്പോള്‍ ഞങ്ങള്‍ക്ക് ഉറപ്പായി എവിടെയോ എന്തോ സംഭവിച്ചിട്ടുണ്ടെന്ന്. അപ്പോള്‍ ഞങ്ങള്‍ ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ സമ്മതിക്കുകയും ചെയ്തു. കുഞ്ഞുങ്ങള്‍ മാറിപ്പോയി എന്ന് തെളിയാൻ ഒരുപാട് കാലം പിടിച്ചു. അതിനിടയില്‍ ഇരു വീട്ടുകാര്‍ക്കും തങ്ങള്‍ വളര്‍ത്തിയ കുഞ്ഞുങ്ങളെ പിരിയുക ദുഷ്കരമായി എന്നതാണ് സത്യം”, ബോറോ പറഞ്ഞു.
ഏഴു ബീഗ കൃഷിനിലമുള്ള ചെറിയ കര്‍ഷകനാണ് അനില്‍ ബോറോ. അയാളും ഭാര്യയും ഇക്കാര്യങ്ങള്‍ എല്ലാം അയാളുടെ അമ്മയോടും മൂന്ന് സഹോദരന്മാരോടും ചര്‍ച്ച ചെയ്തിരുന്നു. കുഞ്ഞുങ്ങളെ ഇനി കൈമാറേണ്ടെന്നാണ് എല്ലാവരും പറയുന്നത്. 24ന് നല്‍കുന്ന സത്യവാങ്മൂലത്തില്‍ കുട്ടിയെ ഞങ്ങള്‍ കൈമാറില്ലെന്നും അവനെ സ്വന്തം കുഞ്ഞായി വളര്‍ത്തുമെന്നും അറിയിക്കും. റിയാന്‍ ഞങ്ങളോടൊപ്പം ഞങ്ങളുടെ മകനായി വളരും. ആറാം ക്ലാസില്‍ പഠിക്കുന്ന അവന്റെ ചേച്ചി ചിത്രലേഖക്കും അവനെ പിരിയാന്‍ വയ്യ”, ബോറോ കൂട്ടിച്ചേര്‍ത്തു. അഹ്മദും ഇതേകാര്യം തന്നെ പറയുന്നു. “ജുനൈദിനു പകരം റിയാനെ കൊണ്ട് വരേണ്ടെന്നു ഞങ്ങളുടെ മകള്‍ നിദാലും പറയുന്നു. ഇതേകാര്യം ഞങ്ങള്‍ 24 നു കോടതിയില്‍ പറയും. മാത്രമല്ല ഇരുവീട്ടുകാരും എന്നും അടുത്ത ബന്ധുക്കളായിരിക്കുകയും ചെയ്യും”. എന്നാല്‍ ആശുപത്രിക്കാര്‍ക്ക് അവരുടെ അശ്രദ്ധക്കുള്ള നിയമപരമായ ശിക്ഷ കിട്ടണമെന്ന് തന്നെയാണ് ഇരുവരുടെയും ഉറച്ച നിലപാട്.
പരിഭാഷ : ആർദ്ര എൻ ജി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us