മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ പൊളിച്ച് അവിടെ ശൗചാലയം നിര്‍മിക്കുമെന്ന് അഖിലേന്ത്യ ഹിന്ദുമഹാസഭാ പ്രസിഡന്റ് സ്വാമി ചക്രപാണി. ദാവൂദിന്റെ ഉടമസ്ഥതയിലുള്ള ഭെണ്ടി ബസാറിലെ ‘ഡല്‍ഹി സെയ്ക’ എന്നപേരില്‍ അറിയപ്പെടുന്ന ഹോട്ടല്‍ റോണക് അഫ്രോസ് സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്നു. കൂട്ടത്തില്‍ ദാവൂദിന്റേതായി അഞ്ച് വസ്തുവകകളും കണ്ടുകെട്ടിയിരുന്നു. ഇവയെല്ലാം ലേലം ചെയ്യാനാണ് തീരുമാനം. 2015ല്‍ ലേലത്തില്‍ വച്ചിരുന്നെങ്കിലും പേടികാരണം ലേലത്തിലെടുക്കാന്‍ ആരും തയ്യാറായില്ല.

ഈ അവസ്ഥ മാറ്റാനാണ് താന്‍ ശ്രമിക്കുന്നതെന്ന് സ്വാമി ചക്രപാണി പറയുന്നു. ഇന്ത്യന്‍ സര്‍ക്കാരുകള്‍ ദാവൂദിനെ ഭീകരനായി ചിത്രീകരിക്കുകയും ജനങ്ങളില്‍ ഭീതിയുണ്ടാക്കുകയുമാണെന്ന് ചക്രപാണി പറയുന്നു. അതിനാല്‍ ആരും ദാവൂദിന്റെ ആസ്തികള്‍ ലേലംകൊള്ളാന്‍ തയ്യാറാകുന്നില്ല. ദാവൂദിനെപ്പോലെയുള്ള ഭീരുക്കളെ പേടിക്കേണ്ടതില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് താന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ദാവൂദിന്റെ ആസ്തികള്‍ ലേലത്തില്‍ പിടിക്കുന്നവര്‍ക്ക് താന്‍ ലേലത്തുകയുടെ 10 ശതമാനം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. തനിക്ക് ദാവൂദിനോട് വ്യക്തിപരമായി യാതൊരു വിരോധമില്ലെന്നും എന്നാല്‍ ദാവൂദിനോടുള്ള ഭീതി ഇല്ലാതാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ദാവൂദുമായി ബന്ധപ്പെട്ട ആസ്തികള്‍ ലേലംകൊള്ളുന്നതെന്നും അവ ജനങ്ങള്‍ക്ക് ഉപയോഗപ്രദമായി രീതിയില്‍ ഉപയോഗിക്കുമെന്നും ചക്രപാണി പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ