ന്യൂഡല്‍ഹി: സാമൂഹ്യപ്രവര്‍ത്തകനായ സ്വാമി അഗ്നിവേശിന് നേരെ വീണ്ടും ആക്രമണം. വെള്ളിയാഴ്ച ഡല്‍ഹിയിലെ ദീന്‍ധയാല്‍ ഉപാധ്യായാ മാര്‍ഗില്‍ വച്ചാണ് അദ്ദേഹം അക്രമത്തിന് ഇരയായത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി പോകുമ്പോഴാണ് അദ്ദേഹം അക്രമിക്കപ്പെട്ടതെന്നാണ് വിവരം. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്.

ഒരു സ്ത്രീ സ്വാമിയെ ചെരിപ്പൂരി അടിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ അക്രമത്തിന് ഇരയായി ഒരു മാസത്തിന് ശേഷമാണ് അദ്ദേഹത്തെ വീണ്ടും മര്‍ദ്ദിച്ചത്. ജാര്‍ഖണ്ഡിലെ പാകൂരില്‍ വച്ച് ബിജെപി, ആര്‍എസ്എസ്, വിഎച്ച്പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ ജില്ലാ അധികാരികള്‍ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. എഫ്ഐആറില്‍ എട്ട് പേരുടെ പേരുകളുണ്ടായിരുന്നു. സംഭവം നടന്ന് പിറ്റേ ദിവസം തന്നെ അവര്‍ പുറത്തിറങ്ങി. സംഘടനകളുടെ പ്രതിഷേധത്തെ കുറിച്ച് പരിപാടിയുടെ സംഘാടകര്‍ പൊലീസിന് നേരത്തെ വിവരം നല്‍കിയിരുന്നു. ജില്ലാ അധികാരികള്‍ക്കും ഇത്തരമൊരു പ്രതിഷേധത്തെ കുറിച്ച് അറിവുണ്ടായിരുന്നു.

ബിജെപി, ആര്‍എസ്എസ്, വിഎച്ച്പി പ്രവര്‍ത്തകരായിരുന്നു അഗ്‌നിവേശിനെ തടഞ്ഞു വച്ച് മര്‍ദ്ദിച്ചത്. ഇവര്‍ അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തിരുന്നു. ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കൊപ്പം ചേര്‍ന്ന് ആദിവാസികളെ സ്വാധീനിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ലിഠിപദായില്‍ നടക്കുന്ന പരിപാടിയില്‍ സംബന്ധിക്കാനെത്തിയതായിരുന്നു അഗ്‌നിവേശ്. പ്രദേശത്ത് സന്ദര്‍ശനം നടത്താന്‍ അദ്ദേഹത്തെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഹൈന്ദവസംഘടനാ പ്രവര്‍ത്തകര്‍ അഗ്‌നിവേശ് താമസിക്കുന്ന ഹോട്ടലിനു പുറത്ത് തമ്പടിച്ചിരുന്നു.

മുന്‍പ് ഹരിയാന നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചിട്ടുള്ള അഗ്‌നിവേശ് പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ക്യാബിനറ്റില്‍ അംഗമായിട്ടുമുണ്ട്. അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള ‘ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്ഷന്‍’ നീക്കത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ള സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ് അഗ്‌നിവേശ്.

ബീഫ് നിരോധനത്തിനെതിരെയുള്ള പ്രസ്താവനകള്‍ കണക്കിലെടുത്ത്, സനാതന ധര്‍മത്തിനെതിരെയാണ് അഗ്‌നിവേശ് പ്രവര്‍ത്തിക്കുന്നതെന്നും തീവ്രഹൈന്ദവസംഘടനകള്‍ ആരോപിച്ചിരുന്നു. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ജാര്‍ഖണ്ഡ് ഭരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ