റാഞ്ചി: സാമൂഹ്യപ്രവര്‍ത്തകനായ സ്വാമി അഗ്നിവേശിനെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു. ജാര്‍ഖണ്ഡിലെ പകൂരിലാണ് അക്രമം നടന്നത്. ഇദ്ദേഹത്തെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലായി.

ഒരു ഹോട്ടലില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അക്രമം നടന്നത്. 80കാരനായ അഗ്നിവേശ് ഹോട്ടലില്‍ നിന്ന് പുറത്തേക്ക് വന്നപ്പോള്‍ ‘ജയ് ശ്രീറാം’ വിളികളുമായെത്തിയ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. ബീഫ് വിവാദത്തില്‍ ഇദ്ദേഹം നടത്തിയ പ്രതികരണമാണ് ബിജെപി പ്രവര്‍ത്തകരെ ചൊടിപ്പിച്ചതെന്നാണ് വിവരം. ക്രൂരമായി മര്‍ദ്ദിച്ച ഇദ്ദേഹത്തിന്റെ വസ്ത്രങ്ങളും അക്രമികള്‍ കീറിപ്പറിച്ചു.

തന്നെ എന്തിനാണ് അക്രമിച്ചതെന്ന് അറിയില്ലെന്ന് അഗ്നിവേശ് പറഞ്ഞു. ‘ഏത് തരത്തിലുളള അക്രമത്തേയും എതിര്‍ക്കുന്നയാളാണ് ഞാന്‍. സമാധാനകാംക്ഷി എന്ന നിലയിലാണ് ഞാന്‍ അറിയപ്പെടുന്നത്. എന്തിനാണ് അവര്‍ എന്നെ ആക്രമിച്ചതെന്ന് അറിയില്ല’, സ്വാമിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവസ്ഥലത്ത് പൊലീസുകാര്‍ ആരും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പരുക്കേറ്റ സ്വാമിയെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ 20 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

“സമ്മേളന സ്ഥലത്ത് നിന്നും ഞാൻ പുറത്തിറങ്ങിയപ്പോൾ യുവമോർച്ച, എബിവിപി പ്രവർത്തകർ പ്രകോപനമൊന്നുമില്ലാതെ എന്നെ ആക്രമിക്കുകയായിരുന്നു” എന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു. “ഞാൻ ഹിന്ദുക്കൾക്കെതിരെ സംസാരിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം. ജാർഖണ്ഡ് സമാധാനമുളള ഒരു സംസ്ഥാനമാണെന്നാണ് കരുതിയിരുന്നത്. പക്ഷേ, ഈ സംഭവത്തിന് ശേഷം എന്റെ കാഴ്ചപ്പാട് മാറി” അഗ്നിവേശ് പറഞ്ഞതായി പിടി ഐ​ റിപ്പോർട്ട് ചെയ്യുന്നു.

” അവിടെ പൊലീസുകാരാരും ഉണ്ടായിരന്നില്ല. ഞാൻ എസ് പിയെയും ജില്ലാ മജിസ്ട്രേറ്റിനെയും ആവർത്തിച്ച് വിളിച്ചിട്ടും ഫോണെടുത്തില്ല. പ്രതിഷേധവുമായി എത്തിയ എ ബി വി പി, ബി ജെപി, യുവമോർച്ച പ്രവർത്തകരോട് പ്രതിഷേധത്തിന്റെ ആവശ്യമില്ലെന്നും അകത്തിരുന്ന് സംസാരിക്കാമെന്നും പറഞ്ഞു.​എന്നാൽ ആരും അതിന് തയ്യാറായില്ല” ആക്രമണത്തിന് ഇരയായ അഗ്നിവേശിനെ ഉദ്ധരിച്ച് എ എൻ​ഐ​ റിപ്പോർട്ട് ചെയ്യുന്നു.

ഞാനവിടെ നിന്നും ഇറങ്ങിയപ്പോൾ പെട്ടെന്ന് ആക്രമണം നടത്തുകയും അധിക്ഷേപം ചൊരിയുകയും ചെയ്തു സി സി ടി വി ഫുട്ടേജുകളിൽ നിന്നും മാധ്യമങ്ങളുടെ വിഡിയോയിൽ നിന്നും പ്രതികളെ തിരിച്ചറിയാൻ സാധിക്കുമെന്നും അക്രമികൾക്കെതിരെ നടപടിവേണമെന്നും അഗ്നിവേശ് ആവശ്യപ്പെട്ടു.

എന്നാൽ ഈ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും തങ്ങളുടെ പ്രവർത്തകരില്ലെന്നും ബി ജെ പി പറഞ്ഞു. ആക്രമണത്തെ അപലപ്പിക്കുന്നു, പക്ഷേ, അഗ്നിവേശിന്റെ ട്രാക്ക് റെക്കോർഡ് വച്ച് നോക്കുമ്പോൾ ഇത്തരമൊരു പ്രതികരണത്തിൽ അത്ഭുതമില്ലെന്ന് ജാർഖണ്ഡിലെ ബി ജെ പി വക്താവ് പി ഷഹാദോ പറഞ്ഞു. പാകൂർ ജില്ല അടുത്തിടെ മതപരിവർത്തനവുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറഞ്ഞിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതേസമയം ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ് സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. അഗ്നിവേശിന്റെ ജില്ലയിലെ പരിപാടിയെ കുറിച്ച് മുൻകൂർ അറിയിപ്പൊന്നും തനിക്ക് ലഭിച്ചിരുന്നില്ലെന്ന് പൊലീസ് സൂപ്രണ്ട് ശൈലേന്ദ്ര പ്രസാദ് ബേൺവാൽ പറഞ്ഞു.

ഹിന്ദു ദൈവമായ ശിവനെ നിന്ദിയ്ക്കുന്ന പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് സ്വാമി അഗ്‌നിവേശിനെ 2012ല്‍ ഭോപ്പാലില്‍ പ്രാദേശിക ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തിരുന്നു. സാമൂഹ്യ പ്രവര്‍ത്തകനും ആര്യസമാജ പണ്ഡിതനുമായ സ്വാമി അഗ്നിവേശ് ജനതാദള്‍ യുണൈറ്റഡില്‍ ചേര്‍ന്നിരുന്നു. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിലെ ഒരു സുപ്രധാന കണ്ണിയായിരുന്നു സ്വാമി അഗ്നിവേശ്.
ബിഹാറില്‍ സമ്പൂര്‍ണ മദ്യ നിരോധനം എന്ന നിതീഷ് കുമാറിന്റെ നയത്തില്‍ ആകൃഷ്ടനായാണ് സ്വാമി അഗ്നിവേശ് ജെഡിയുവില്‍ ചേര്‍ന്നിരുന്നത്. ബിഹാറിലെ മദ്യനിരോധനം രാജ്യത്താകമാനം പ്രാവര്‍ത്തികമാക്കുക എന്നതാണ് തന്റെ സ്വപ്നമെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ