ന്യൂഡൽഹി: സ്വച്ഛ ഭാരത പദ്ധതി 90 ശതമാനം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ നാലു വർഷത്തിനിടെ 9 കോടി ശൗചാലയങ്ങൾ പണിതു. രാജ്യത്തെ 90 ശതമാനം ജനങ്ങൾ ശൗചാലയങ്ങൾ ഉപയോഗിച്ചു തുടങ്ങി. രാജ്യത്തെ 450 ലധികം ജില്ലകളെ വെളിയിട വിസർജ്ജന മുക്തമാക്കി. 20 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വെളിയിട വിസർജ്ജന മുക്തമായെന്നും അദ്ദേഹം പറഞ്ഞു.

‘സ്വച്ഛതാ കി സേവാ ശുചീകരണ യജ്ഞം’ വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ശുചിത്വ ഇന്ത്യ എന്ന മഹാത്മ ഗാന്ധിയുടെ സ്വപ്നത്തെ സാക്ഷാത്കരിക്കുന്നതിനു വേണ്ടിയുളള യജ്ഞമാണിതെന്ന് മോദി പറഞ്ഞു. 15 ദിവസത്തെ ശുചീകരണ പ്രവർത്തനങ്ങളാണ് ‘സ്വച്ഛതാ കി സേവാ ശുചീകരണ യജ്ഞ’ത്തിന്റെ ഭാഗമായി നടക്കുക. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 150-ാം ജന്മവാർഷികം വരുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു ശുചീകരണ യജ്ഞത്തിന് കേന്ദ്രസർക്കാർ തുടക്കം കുറിച്ചത്.

പുതിയ യജ്ഞത്തിൽ പങ്കാളികളാകാൻ ആവശ്യപ്പെട്ട് രാജ്യത്ത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രശസ്തരായ 2,000 ത്തോളം പേർക്ക് പ്രധാനമന്ത്രി കത്തെഴുതിയിരുന്നു. ജഡ്ജിമാർ, വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ, കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ് ജേതാക്കൾ, മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, ഗവർണർമാർ, ലഫ്.ഗവർണർമാർ, മാധ്യമപ്രവർത്തകർ, കായികതാരങ്ങൾ, സിനിമാ താരങ്ങൾ, ആത്മീയ നേതാക്കൾ എന്നിവർക്കാണ് അദ്ദേഹം കത്തെഴുതിയത്.

അടുത്ത ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടോടെ വെളിയിട വിസർജ്ജന വിമുക്ത ഭാരതം എന്ന ലക്ഷ്യമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്ന് മോദി പറഞ്ഞു. സ്വച്ഛ ഭാരത പദ്ധതിയിലൂടെ 30 ശതമാനത്തോളം രോഗങ്ങൾ കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞതാണ് പ്രധാന നേട്ടം. മൂന്നു ലക്ഷം കുട്ടികളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. കക്കൂസുകൾ നിർമ്മിച്ചതുകൊണ്ടോ വെളിയിട വിസർജ്ജന മുക്തം എന്ന ലക്ഷ്യം കൈവരിച്ചതുകൊണ്ടോ കാര്യമില്ല. ശുചിത്വം ഒരു ശീലമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സ്വച്ഛ ഭാരത പദ്ധതിയിൽ സ്ത്രീകളും യുവാക്കളും വഹിച്ച പങ്കിനെയും പ്രധാനമന്ത്രി എടുത്തു പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ