വാരണാസി: ശുചിത്വമെന്നത് സ്വഭാവത്തിന്റെ ഭാഗമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പശുദാന്‍ മേളയില്‍ കര്‍ഷകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സ്വച്ഛഭാരത് മിഷന്റെ ഭാഗമായി ഷഹന്‍ഷാപൂര്‍ ഗ്രാമത്തില്‍ ശൗചാലങ്ങള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു.

വീടുകളില്‍ ശൗചാലയങ്ങള്‍ നിർമിക്കുന്നത് വൃത്തിയുള്ള ജീവിത രീതിയിലേക്ക് നമ്മെ നയിക്കുമെന്നും ഇത് രോഗങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് ശുചിത്വം കൊണ്ടുവരാനും നിലര്‍നിര്‍ത്താനും ഓരോരുത്തരും മുന്നോട്ടു വരണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ശുചിത്വമുള്ള ഇന്ത്യ എന്നാല്‍ ആരോഗ്യമുള്ള ഇന്ത്യ എന്നുകൂടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2022ഓടെ രാജ്യത്തെ പാവപ്പെട്ടവര്‍ക്കെല്ലാം വീടു നിർമിച്ചു നല്‍കുമെന്ന് പ്രധാനമന്ത്രി വാക്കു നല്‍കി.

പാര്‍ട്ടിയല്ല, രാജ്യമാണ് പ്രധാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭരണമെന്നാല്‍ വോട്ട് ബാങ്കിനെ സംതൃപ്തമാക്കുകയോ, തിരഞ്ഞെടുപ്പ് വിജയമോ അല്ല. പ്രഥമ പരിഗണന രാജ്യത്തിന്റെ വികസനത്തിനാണെന്നും നരേന്ദ്രമോദി പറഞ്ഞു.

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക്, മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ഗ്രാമ വികസനമന്ത്രി മഹേന്ദ്ര സിങ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. രണ്ടു ദിവസത്തെ വാരണാസി സന്ദര്‍ശത്തിനു വേണ്ടിയാണ് പ്രധാനമന്ത്രി ഇന്നലെ ഉത്തര്‍പ്രദേശിലെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook