ബെംഗളൂരു: വി.ജി.സിദ്ധാര്‍ത്ഥയുടെ മരണത്തെ തുടര്‍ന്ന് കഫെ കോഫി ഡേ ഇടക്കാല ചെയര്‍മാനായി എസ്.വി.രംഗനാഥിനെ നിയമിച്ചു. ഇന്ന് ചേര്‍ന്ന കഫെ കോഫി ഡേ (സിസിഡി) ബോര്‍ഡ് യോഗത്തിലാണ് രംഗനാഥിനെ ഇടക്കാല ചെയര്‍മാനായി നിയമിച്ചത്. സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസിനെ നിയമോപദേശകനായും നിയമിച്ചു. നിക്ഷേപകര്‍, കടം കൊടുക്കുന്നവര്‍, ജീവനക്കാര്‍, ഉപഭോക്താക്കള്‍ എന്നിവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സിസിഡി പ്രതിജ്ഞാബദ്ധമാണെന്ന് ബോര്‍ഡ് ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. കഫെ കോഫി ഡേയുടെ സ്വതന്ത്ര ഡയറക്ടറായിരുന്നു രംഗനാഥ്. രാജ്യത്താകെ 1500 ലധികം കോഫി ഷോപ്പുകളാണ് കഫെ കോഫി ഡേ ശ്യംഖലയ്ക്ക് കീഴിലുള്ളത്.

ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് 36 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ സിദ്ധാർഥയുടെ മൃതദേഹം കണ്ടെത്തിയത്. മംഗളൂരു തീരത്ത് ഒഴിഗേ ബസാറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് സിദ്ധാർഥയെ കാണാതാകുന്നത്. നേത്രാവദി നദിക്ക് കുറുകെയുളള ഉള്ളാൽ പാലത്തിൽ വച്ചാണ് അവസാനമായി കണ്ടതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നേത്രാവദി നദിയിൽ നടത്തിയ തിരച്ചിലിലാണ് കാണാതായതിന് രണ്ട് കിലോമീറ്റർ അകലെ നിന്ന് മൃതദേഹം കണ്ടെത്തിയത്.

Read Also: സിദ്ധാർഥയുടെ ആത്മഹത്യ: സംഭവിച്ചതെന്ത്?

കഫെ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും ഉടമസ്ഥനും കർണാടക മുൻ മുഖ്യമന്ത്രി എസ്.എം.കൃഷ്ണയുടെ മരുമകനുമാണ് വി.ജെ.സിദ്ധാർഥ. തിങ്കളാഴ്ച രാത്രി മംഗളൂരുവിൽനിന്നാണ് സിദ്ധാർഥയെ കാണാതായത്. ചിക്കമംഗളൂരുവിൽ ബിസിനസ് ആവശ്യങ്ങൾക്കായി പോയ സിദ്ധാർഥയെ തിങ്കളാഴ്ച വൈകിട്ട് നേത്രാവതി നദിക്കു കുറുകെയുളള ഉള്ളാൽ പാലത്തിൽവച്ച് കാണാതാവുകയായിരുന്നു.

പാലത്തിനടുത്തെത്തിയപ്പോൾ ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെടുകയും താൻ നടക്കാൻ പോവുകയാണെന്ന് പറയുകയും ചെയ്തു. താൻ വരുന്നത് വരെ ഡ്രൈവറോട് കാത്തുനിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും പിന്നീട് ഏറെ വൈകിയും സിദ്ധാർഥ മടങ്ങിയെത്തിയില്ല. മണിക്കൂറുകൾ പിന്നിട്ടതോടെ ഡ്രൈവർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

അതേസമയം, ജൂലൈ 27ന് കഫെ കോഫി ഡേ ജീവനക്കാർക്കും ഡയറക്ടർ ബോർഡിനും അയച്ച കത്തിൽ സംരംഭകൻ എന്ന നിലയിൽ താൻ പരാജയപ്പെട്ടുവെന്ന് സിദ്ധാർഥ കുറിച്ചിരുന്നു. “ലാഭകരമായ ബിസിനസ് കെട്ടിപ്പടുക്കുന്നതിൽ പരാജയപ്പെട്ടു. എന്നിൽ വിശ്വാസം അർപ്പിച്ചവരെ താഴെയിട്ടതിൽ മാപ്പ്. ഇനിയും സമ്മർദം താങ്ങാൻ സാധിക്കില്ല,” സിദ്ധാർഥ എഴുതി. രാജ്യത്തെ ഏറ്റവും വലിയ കാപ്പിക്കുരു കയറ്റുമതിക്കാരിൽ ഒരാളാണ്​ വി.ജി.സിദ്ധാർഥ​. എസ്​.എം.കൃഷ്​ണയുടെ മൂത്ത മകൾ മാളവികയെയാണ്​ സിദ്ധാർഥ​ വിവാഹം ചെയ്​തത്​​.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook