ധാക്ക: റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കുന്നത്​ സംബന്ധിച്ച്​ മ്യാൻമറുമായി ബംഗ്ലാദേശ്​ ധാരണയിലെത്തി. മ്യാൻമർ തലസ്ഥാനത്ത്​ നടന്ന ചർച്ചയിലാണ്​ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായത്​. പുതിയ ധാരണ പ്രകാരം ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥികളെ മ്യാൻമർ സ്വീകരിക്കും.

എന്നാൽ ധാരണ സംബന്ധിച്ച്​ കൂടുതൽ വിവരങ്ങൾ പുറത്ത്​ വന്നിട്ടില്ല. റോഹിങ്ക്യൻ മുസ്​ലിംകൾക്കെതിരെ മ്യാൻമർ സൈന്യം ക്രൂരമായ ആക്രമണങ്ങൾ അഴിച്ചുവിട്ടതോടെയാണ്​ ലക്ഷണക്കിന്​ ​ ആളുകൾ ബംഗ്ലാദേശിലേക്ക്​ പലായനം ചെയ്​തത്​.പുതിയ തീരുമാനത്തെ പ്രശ്​നം പരിഹരിക്കുന്നതിനുള്ള ആദ്യ നടപടിയായാണ്​ ബംഗ്ലാദേശ്​ വിലയിരുത്തുന്നത്​. എത്രയും പെ​ട്ടെന്ന്​ റോഹിങ്ക്യകളെ ബംഗ്ലാദേശിൽ നിന്ന്​ തിരികെ കൊണ്ട്​ വരുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന്​ മ്യാൻമറും പ്രതികരിച്ചു.

അതേസമയം റോഹിംഗ്യകള്‍ക്കെതിരെയുള്ള മ്യാന്‍മാര്‍ സൈന്യത്തിന്റെ നടപടി വംശീയ ഉന്മൂലന ശ്രമങ്ങളാണെന്നായിരുന്നു യുഎന്നും അമേരിക്കയും ആരോപിച്ചത്. റോഹിങ്ക്യൻ മുസ്ലീങ്ങളെ അടിച്ചമര്‍ത്താന്‍ ആസൂത്രിതമായ ശ്രമങ്ങളുണ്ടായെന്ന് ബംഗ്ലാദേശും ആരോപിച്ചു.

റോഹിങ്ക്യൻ സ്ത്രീകളും കുട്ടികളും നേരിടുന്ന പീഡനങ്ങളെ കുറിച്ചും പ്രശ്‌നങ്ങളെ കുറിച്ചും അന്താരാഷ്ട്ര തലത്തില്‍ നടന്ന പഠനങ്ങളും റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിക്കാതെ റോഹിങ്ക്യകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കില്ലെന്നായിരുന്നു റോഹിങ്ക്യൻ പ്രതിസന്ധിയില്‍ ഇടപെട്ട അന്താരാഷ്ട്ര ഏജന്‍സികളുടെ വിലയിരുത്തല്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ