കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജൽപൈഗുരി ജില്ലയിലെ ധൂപ്ഗുരി ജില്ലയിൽ രണ്ട് പേരെ ആൾക്കൂട്ടം മർദ്ദിച്ച് കൊന്നു. പശുക്കളെ മോഷ്ടിക്കുന്നവർ എന്ന സംശയത്തിന്റെ പേരിലായിരുന്നു ആക്രമണം. അസമിലെ ദുബ്രി സ്വദേശി ഹഫീസുൾ ഷെയ്ഖും പശ്ചിമ ബംഗാളിലെ കൂച്ച്ബിഹാർ ജില്ലാ സ്വദേശി അൻവർ ഹുസൈനുമാണ് കൊല്ലപ്പെട്ടത്.

നോർത്ത് ദിനാജ്പൂറിൽ ഈ മാസം തന്നെ നടന്ന സമാന സംഭവത്തിൽ മൂന്ന് പേരെ മർദ്ദിച്ച് കൊന്നിരുന്നു. “മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയച്ചെന്നും, സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും” ജൽപൈഗുരി പൊലീസ് സ്റ്റേഷനിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ധൂപ്‌ഗുരി ടൗണിൽ നിന്നും 15 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലാണ് യുവാക്കൾ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഒരു പിക് അപ് വാനിൽ ഏഴ് പശുക്കളുമായി സഞ്ചരിക്കുകയായിരുന്നു ഇരുവരും. വഴി തെറ്റിയതിനെ തുടർന്ന് ഗ്രാമത്തിൽ ഒരേ വഴിയിൽ പല തവണ സഞ്ചരിച്ച വാഹനത്തിന്റെ ശബ്ദം കേട്ടാണ് നാട്ടുകാർ ഉണർന്നത്.

വാഹനത്തിന്റെ ശബ്ദം കേട്ട് ഉണർന്ന നാട്ടുകാർ വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിിലും വാഹനത്തിലുണ്ടായിരുന്നവർ അതിന് തയാറായില്ല. ഇതേ തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞുനിർത്തി. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ നാട്ടുകാർ പിടികൂടി. എന്നാൽ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

പൊലീസ് എത്തിയ ശേഷമാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും മർദ്ദനമേറ്റ് ഇരുവരും മരിച്ചിരുന്നു. കൊല്ലപ്പെട്ടവർ പശു കച്ചവടക്കാരാണോ ഗോ മോഷ്ടാക്കളാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് വിശദീകരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook