ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ എന്ന് സംശയിക്കപ്പെടുന്ന കണ്ണൂർ സ്വദേശിയെ ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് പിടികൂടി. അമേരിക്കയിലെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമായ സിഐഎയുടെ അറിയിപ്പ് അനുസരിച്ച് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

സിറിയയിൽ നിന്നും തുർക്കി വഴി ന്യൂഡൽഹിയിൽ എത്തിയ ഇയാളുടെ കൈവശം ഉണ്ടായിരുന്നത് വ്യാജ പാസ്പോർട്ടാണെന്ന് തിരിച്ചറിഞ്ഞതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഡൽഹി പൊലീസിലെ തീവ്രവാദ വിരുദ്ധ സേന ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്.

ഐഎസ് പ്രവർത്തകനായ മുഹമ്മദ് ഷാഫി അമറിനെ കഴിഞ്ഞ മാസം ആഗോള ഭീകരനായി അമേരിക്കൻ ഏജൻസികൾ പ്രഖ്യാപിച്ചിരുന്നു. കർണ്ണാടകയിലെ ഭട്കൽ സ്വദേശിയായ അമർ, ഇന്ത്യയിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നയാളാണ്. 2015 മാർച്ചിൽ ഇയാളുടെ സഹോദരൻ സുൽത്താൻ അമർ കൊല്ലപ്പെട്ടതിന് ശേഷമാണ് മുഹമ്മദ് ഷാഫി ഈ ചുമതല ഏറ്റെടുത്തത്.

ഇസ്ലാമിക് സ്റ്റേറ്റിലേക്ക് മുഹമ്മദ് ഷാഫി അമർ 30 ഓളം ഇന്ത്യാക്കാരെ റിക്രൂട്ട് ചെയ്തതായാണ് റിപ്പോർട്ട്. അമറിനെ ഛോട്ടാ മോല, അഞ്ജൻ ഭായി, യൂസഫ് അൽ ഹിന്ദി എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ