വാഷിംഗ്ടണ്‍: ഡേവിഡ് മക്കെന്‍സി സംവിധാനം ചെയ്ത 2016ലെ മികച്ചൊരു ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നു ‘ഹെല്‍ ഓര്‍ ഹൈ വാട്ടര്‍’ (Hell or High Water). സഹോദരങ്ങളായ ടോബി ഹൊവാര്‍ഡും (ക്രിസ് പൈന്‍), ടാന്നറും (ബെന്‍ ഫോസ്റ്റര്‍) നടത്തുന്ന ബാങ്ക് കവര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ചിത്രത്തിലെ ഏറെ പ്രശസ്തമായ രംഗമാണ് ബാങ്ക് കൊളളയടിച്ചതിന് ശേഷം മോഷ്ടിച്ച ട്രക്കുമായി രക്ഷപ്പെട്ട ടാന്നറെ പൊലീസ് പിന്തുടരുന്ന രംഗം.

കാണികളെ കോരിത്തരിപ്പിച്ച ഈ രംഗം ഓര്‍മ്മിപ്പിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം അമേരിക്കയിലെ ഒക്ലഹോമ നഗരത്തില്‍ നടന്നത്. മോഷ്ടിച്ച ട്രക്കുമായി കടന്നുകളഞ്ഞയാളെയാണ് വെളളിയാഴ്ച്ച പൊലീസ് പിന്തുടര്‍ന്നത്. വെളളിയാഴ്ച്ച രാവിലെയോടെ മോഷ്ടാവിനെ പിന്നാലെ പൊലീസ് പരക്കം പാഞ്ഞെങ്കിലും ഇയാള്‍ പിടികൊടുക്കാതെ പൊലീസിനെ വട്ടം കറക്കുകയായിരുന്നു. ബ്രെന്റണ്‍​ ഹൈഗര്‍ എന്ന മോഷ്ടാവിനെയാണ് പൊലീസ് പിന്തുടര്‍ന്നത്. സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് രക്ഷപ്പെടാന്‍ കാട്ടിലൂടെയും പാടത്തുകൂടെയും ഇയാള്‍ വേഗത്തില്‍ വണ്ടിയില്‍ പാഞ്ഞു.

ഒക്ലഹോമയിലെ ഇന്ത്യന്‍ ഹില്‍ റോഡിന് അടുത്താണ് രണ്ട് മണിക്കൂറിന് ശേഷം വാഹനം തടയാനായത്. പാടത്തിന്റെ നടുക്കായുളള വെളളക്കെട്ടില്‍ ട്രക്ക് കുടുങ്ങിപ്പോവുകയായിരുന്നു. നിരവധി തവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും പൊലീസിനെ പ്രതി അവഗണിച്ചു. സംഭവത്തെ തുടര്‍ന്ന് ഉടന്‍ തന്നെ സമീപത്തെ സൗത്ത് മൂര്‍ ഹൈസ്കൂള്‍ അധികൃതര്‍ ഇടപെട്ട് താത്കാലികമായി അടച്ചു. ഉച്ചയോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഡേവ്ഡ് മക്കെന്‍സി ചിത്രത്തിലേത് പോലെ പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തുകയല്ല ഇവിടെ ചെയ്തത്. ടൈസര്‍ ഗണ്‍ ഉപയോഗിച്ച് വൈദ്യുതാഘാതം ഏല്‍പ്പിച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. പിന്നാലെ ഇയാളെ ആശുപത്രിയിലേക്കും പിന്നീട് ജയിലിലേക്കും മാറ്റി.

ഹെല്‍ ഓര്‍ ഹൈ വാട്ടറിലെ രംഗം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook