മുംബൈ: കത്തുവ ബലാത്സംഗ കൊലയ്ക്ക് പിന്നാലെ രാജ്യത്ത് സ്ത്രീകളും കുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാര്യമാണ്. എന്നാല്‍ ചുറ്റിലും ക്യാമറയും മാധ്യമങ്ങളും നിറഞ്ഞു നില്‍ക്കുമ്പോള്‍ ഒരു ബോളിവുഡ് താരം ലൈംഗികമായി പീഡിപ്പിക്കപ്പെടുകയെന്നത് ആലോചിക്കാന്‍ കഴിയുന്ന കാര്യമല്ല. എന്നാല്‍ 15 വയസുകാരന്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് നടി സുസ്മിതാ സെന്‍.

ഒരു പുരസ്കാര ദാനച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് മുൻ വിശ്വസുന്ദരി കൂടിയായ സുസ്മിത വെളിപ്പെടുത്തി. എപ്പോഴാണ് സംഭവം നടന്നതെന്ന് നടി വ്യക്തമാക്കിയില്ല. രാജ്യത്ത് സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്ഥയെ കുറിച്ച് ചടങ്ങില്‍ ചോദിച്ചപ്പോഴാണ് സുസ്മിത വെളിപ്പെടുത്തല്‍ നടത്തിയത്. ‘ചെറിയ നഗരങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. കാരണം അവര്‍ക്ക് സംഭവിക്കുന്നതൊന്നും വാര്‍ത്തയാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഞാനൊരു സ്ത്രീയാണ്. 25 വർഷത്തിലധികമായി പൊതുസമൂഹത്തിന് മുന്നിൽ നിൽക്കുന്ന വ്യക്തിയാണ് ഞാൻ. ജനങ്ങൾ വിശ്വസിക്കുന്നത് ബോഡിഗാർഡും മറ്റ് സുരക്ഷയുമുള്ളതിനാൽ താരങ്ങൾ സുരക്ഷിതരാണെന്നാണ്. പക്ഷേ അത് ശരിയല്ല. 10 ബോഡിഗാർഡുകൾ ഉണ്ടെങ്കിലും ചില സാഹചര്യങ്ങൾ സ്ത്രീകൾക്ക് പൊതുസമൂഹത്തിൽ നിന്നും മോശം അനുഭവം നേരിടുന്നുണ്ട്. എന്താണ് ഈ രാജ്യത്ത് സംഭവിക്കുന്നതെന്ന് വളരെ വ്യക്തമായി അറിയാം’, സുസ്മിത പറഞ്ഞു.

‘ഈ പ്രായത്തിൽ പോലും തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നു. ആറു മാസം മുമ്പ് ഒരു പുരസ്കാര ദാന ചടങ്ങിൽ പങ്കെടുക്കാൻ വന്ന വേളയിൽ 15 വയസുകാരൻ തന്നെ ചൂഷണം ചെയാൻ ശ്രമിച്ചു. ഒരാപ്ട് പേര്‍ അവിടെ ഉണ്ടായിരുന്നത് കൊണ്ട് ഞാന്‍ അവനെ തിരിച്ചറിയില്ലെന്നാണ് അവന്‍ കരുതിയത്. അത്കൊണ്ടാണ് ഞാന്‍ പറയുന്നത്, പ്രതിരോധമുറകള്‍ നമ്മള്‍ പഠിക്കണം’, സുസ്മിത പറഞ്ഞു.

‘അവന്റെ കൈ പിടിച്ച് മുന്നോട്ട് വലിച്ചപ്പോഴാണ് ഞാന്‍ ഞെട്ടിയത്, 15 വയസുളള കുട്ടി. അത് മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ഞാന്‍ വേണ്ട നടപടികള്‍ ചെയ്യുമായിരുന്നു. ഞാന്‍ അവന്റെ കഴുത്ത് പിടിച്ച് അവനോട് ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് പോലെ കാണിച്ചു. ജനങ്ങളുടെ നടുവിലൂടെ അവനെ നടത്തിച്ച് ഞാന്‍ അവനോട് പറഞ്ഞു ‘ഞാന്‍ ഇവിടുന്ന് കരഞ്ഞ് നിലവിളിച്ച് നീ ചെയ്തത് പറഞ്ഞാല്‍ നിന്റെ ജീവിതം തീരും’. എന്നാല്‍ ഞാനിത് ഒരിക്കലും ചെയ്യില്ലെന്ന് പറഞ്ഞ് കുട്ടി എന്നോട് മാപ്പ് പറഞ്ഞു’, സുസ്മിത പറഞ്ഞു.
‘അതാണ് വ്യത്യാസം, ഇത്തരം ചെയ്തികള്‍ നല്ലതല്ലെന്ന് ആ 15കാരന് ആരും പഠിപ്പിച്ച് നല്‍കിയിട്ടില്ല. അത് വലിയ തെറ്റാണ്. നിങ്ങളുടെ ബാക്കിയുളള ജീവിതം വരെ ഇത് കാരണം പ്രതിസന്ധിയിലായേക്കാം’, സുസ്മിത പറഞ്ഞു.

പീഡിപ്പിക്കുന്ന രെ തൂക്കിക്കൊല്ലണമെന്നും നടി പറഞ്ഞു. ഒരു തരത്തിലുളള ദയവും ഇത്തരക്കാര്‍ അര്‍ഹിക്കുന്നില്ലെന്നും സുസ്മിത പറഞ്ഞു. നേരത്തേ 14 വയസുകാരന്‍ ലൈംഗികാതിക്രമം ചെയ്തെന്ന് നടി ദീപിക പദുകോണും വെളിപ്പെടുത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook