ന്യൂയോര്‍ക്ക: എക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഭീകരവാദം കയറ്റി അയക്കുന്ന നിര്‍മ്മാണ ശാലയാണ് പാക്കിസ്ഥാനെന്ന് സുഷമ കുറ്റപ്പെടുത്തി. പാക്കിസ്ഥാന്‍ സ്വയം പരിശോധിച്ച് വിലയിരുത്തണമെന്നും സുഷമ വ്യക്തമാക്കി.

“മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇന്ത്യയും പാക്കിസ്ഥാനും സ്വതന്ത്രരായത്. പിന്നെ എന്തു കൊണ്ടാണ് ഇന്ത്യയിന്ന് ലോകത്തെ അറിയപ്പെടുന്ന വിവരസാങ്കേതിക ശക്തിയും, പാക്കിസ്ഥാന്‍ ഭീകരവാദം കയറ്റി അയക്കുന്ന ഫാക്ടറിയും ആയി അറിയപ്പെടുന്നത്”, വിദേശകാര്യമന്ത്രി തുറന്നടിച്ചു.

“പാകിസ്ഥാനിൽ കാട്ടുതീ പോലെയാണ് ഭീകരവാദം പടരുന്നത്. ഇന്ത്യ ഡോക്ടര്‍മാരേയും എഞ്ചിനീയര്‍മാരേയും സൃഷ്ടിക്കുമ്പോള്‍ ഭീകരവാദികളെയും ജിഹാദികളെയും മാത്രമാണ് പാകിസ്ഥാൻ ഇതുവരെ സൃഷ്ടിച്ചത്. മോദിയുടെ സമാധാനശ്രമങ്ങള്‍ക്ക് നേരെ പാക്കിസ്ഥാന്‍ മുഖം തിരിഞ്ഞു നില്‍ക്കുകയായിരുന്നു. നിരന്തരം ഇന്ത്യയുമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ് പാക്കിസ്ഥാന്റെ ശ്രമം”, സുഷമ കൂട്ടിച്ചേര്‍ത്തു.

വര്‍ദ്ധിച്ച് വരുന്ന അക്രമങ്ങളും ഭീകരവാദവും കാലാവസ്ഥാ വ്യതിയാനവും ഉയര്‍ത്തുന്ന ഭീഷണിയാണ് ലോകം ഇന്ന് നേരിടുന്നതെന്ന് സുഷമ പറഞ്ഞു. “നിലവിലെ സര്‍ക്കാരിന്റെ പ്രധാന അജണ്ട ദാരിദ്രം തുടച്ചു നീക്കുക എന്നതാണ്. വികസനപ്രവര്‍ത്തികള്‍ സാധ്യമാക്കാന്‍ ധീരവും കടുത്തതുമായ തീരുമാനങ്ങള്‍ ഇന്ത്യ കൈക്കൊണ്ടിട്ടുണ്ട്. അഴിമതിയുടെ ഭാഗമായ കളളപ്പണത്തിനെതിരെ കൊക്കൊണ്ട നോട്ട് നിരോധനം ഒരു ധീരമായ തീരുമാനമായിരുന്നു”, സുഷമ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ