ന്യൂഡല്‍ഹി: എത്യോപ്യയില്‍ നടന്ന വിമാനാപകടത്തില്‍ മരിച്ച നാല് ഇന്ത്യക്കാരില്‍ ഒരാളായിരുന്നു ഐക്യരാഷ്ട്ര സഭയില്‍ വികസന പരിപാടികളിലെ ഉപദേശകയായിരുന്ന ശിഖ ഗര്‍ഗ്. ശിഖയുടെ കുടുംബത്തെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും സഹായം വേണമെന്നും അഭ്യര്‍ത്ഥിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രംഗത്തെത്തി. ഭര്‍ത്താവിന്റെ ഫോണില്‍ വിളിച്ചിട്ട് പ്രതികരണം ഇല്ലെന്നാണ് സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചത്.

‘വിമാനാപകടത്തില്‍ നിര്‍ഭാഗ്യവശാല്‍ മരിച്ച ശിഖയുടെ കുടുംബത്തെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. അവരുടെ ഭര്‍ത്താവിന്റെ നമ്പറില്‍ പലവട്ടം ശ്രമിച്ചു. അവരുടെ കുടുംബത്തെ ബന്ധപ്പെടാന്‍ ദയവ് ചെയ്ത് സഹായിച്ചാലും,’ സുഷമ ട്വീറ്റ് ചെയ്തു. നെയ്റോബിയിലേക്ക് പറന്ന എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം ഇന്നലെയാണ് തകര്‍ന്ന് വീണത്. ആഡിസ് അബാബയില്‍ നിന്നും പറയുന്നയര്‍ന്ന് 6 മിനിറ്റുകള്‍ക്ക് ശേഷമാണ് അപകടം നടന്നത്. ആഡിസ് അബാബയിലെ ബോലെ വിമാനത്താവളത്തിൽനിന്ന് പ്രാദേശിക സമയം രാവിലെ 8.38-നാണ് വിമാനം പറന്നുയർന്നത്. ബോയിങ്ങിന്റെ 737 മാക്സ്-8 ശ്രേണിയിൽപ്പെട്ടതാണ് അപകടത്തിൽപ്പെട്ട വിമാനം. 2016-ലാണ് ഈ മോഡൽ വിമാനം അവതരിപ്പിച്ചത്. തകർന്നുവീണ വിമാനം നവംബറിലാണ് എത്യോപ്യൻ എയർലൈൻസിന്റെ ഭാഗമായത്.

157 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഐക്യരാഷ്ട്രസഭയുടെ പാരിസ്ഥിതിക പരിപാടിയില്‍ പങ്കെടുക്കാനുളള യാത്രയിലായിരുന്നു ശിഖ. കെനിയ, കാനഡ, എത്യോപ്യ, ചൈന, ഇറ്റലി, യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, ഈജിപ്ത്, നെതർലൻഡ്സ്, ഇന്ത്യ, റഷ്യ, മൊറോക്കോ, ഇസ്രയേൽ, ബെൽജിയം, യുഗാൺഡ, യെമെൻ, സുഡാൻ, ടോഗോ, മൊസാംബിക്ക്, നോർവേ എന്നിവിടങ്ങളിൽനിന്നുള്ള പൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനമറിയിക്കുന്നുവെന്ന് എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദിന്റെ ഓഫീസ് ട്വിറ്ററിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook